മുത്തോലി: ഈ പാവങ്ങൾക്കും കുടിവെള്ലം വേണ്ടേ? പലകുറി ചോദ്യമുയർന്നിട്ടും മുത്തോലി പഞ്ചായത്ത് അധികൃതർക്ക് മിണ്ടാട്ടമില്ല.

മുത്തോലി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് മുത്തോലി പാലത്തിന് താഴെ താമസിക്കുന്ന കുടുംബങ്ങളുടെ ദുരിതം അധികാരികൾ മനസിലാക്കിയേപറ്റൂ. മീനച്ചിലാറിന്റെ കരയിൽ താമസിക്കുന്ന 21 പിന്നാക്ക കുടുംബങ്ങൾക്ക് മഴ പെയ്താലും വേനലായാലും ദുരിതം മാത്രം ബാക്കി. മീനച്ചിലാർ കരകവിയുമ്പോൾ ഇവരുടെയെല്ലാം വീടുകളിൽ വെള്ളം കയറും. വേനൽ തുടങ്ങിയാലോ കുടിവെള്ളക്ഷാമവും. നിലവിൽ അടുത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് കുടുംബങ്ങളെല്ലാം കുടിവെള്ളം ശേഖരിക്കുന്നത്. പലപ്പോഴും തലച്ചുമടായി എത്തിക്കുകയാണ്. കുടുംബങ്ങളുടെ ദുരിതമകറ്റാൻ മുത്തോലി പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കണമെന്നാണ് ആവശ്യം.

കുടിവെള്ളം നിഷേധിക്കുന്നത് കഷ്ടമാണ്!

മുത്തോലി പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തുള്ള 21പിന്നാക്ക കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുന്ന പഞ്ചായത്ത് അധികാരികളുടെ നടപടിക്കെതിരെ സി.പി.എം രംഗത്തെത്തി. അധികൃതരുടെ നിലപാടുകൾക്കെതിരെ സി.പി.എം മുത്തോലി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണിയുടെ ഇടപെടലിനെ തുടർന്ന് വാട്ടർ അതോറിട്ടിയും ജൽജീവൻ മിഷനും ചേർന്ന് പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.

നിലവിൽ പദ്ധതിയില്ല

21 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ നിലവിൽ പദ്ധതിയൊന്നും ആയിട്ടില്ലെന്ന് വാർഡ് മെമ്പർ ഷീബ രാമൻ പറഞ്ഞു.