കോട്ടയം: കോട്ടയം നഗരസഭയിൽ ജീവനക്കാരുടെ പെൻഷൻ ഫണ്ടിൽ നിന്ന് 2.39 കോടി രൂപ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖിൽ സി.വർഗീസിനെ വിജിലൻസ് അന്വേഷണസംഘം നഗരസഭയിൽ എത്തിച്ച് തെളിവെടുത്തു.

അഖിൽ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകൾ, ഇമെയിൽ വിവരങ്ങൾ എന്നിവ അന്വേഷണസംഘം ശേഖരിച്ചു.

കോട്ടയം വിജിലൻസ് ഇൻസ്‌പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. തെളിവെടുപ്പ് അടക്കമുള്ള തുടർ നടപടികൾക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലൻസ് കോടതി 5 ദിവസത്തെ കസ്റ്റഡി അന്വേഷണസംഘത്തിന് അനുവദിച്ചത്.

2020 മാർച്ച് മുതൽ 2023 കാലയളവിൽ ക്ലർക്കായി ജോലി ചെയ്യവേയാണ് തട്ടിപ്പ് നടത്തിയത്. ഒളിവിൽ കഴിഞ്ഞ അഖിലിനെ കൊല്ലത്തെ കൈലാസ് റസിഡൻസി ലോഡ്ജിൽ നിന്നാണ് കോട്ടയം വിജിലൻസ് ഇൻസ്‌പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.