കോട്ടയം : അയ്മനം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പുത്തൂക്കരി പാടത്തിൽ ആമ്പൽവസന്ത

കാഴ്ച കാണാൻ വിനോദസഞ്ചാരികളുടെ തിരക്ക്. അയ്മനം ഗ്രാമപഞ്ചായത്ത് റെസിഡൻസ് അസോസിയേഷനുകൾ , പാടശേഖരസമിതിയും, ഉത്തരവാദിത്വ ടൂറിസം മിഷനും, അരങ്ങ് സാംസ്‌കാരിക കൂട്ടായ്മയും ചേർന്നാണ് പുത്തൂക്കരിയിൽ ടൂറിസം ഉത്സവം ഒരുക്കുന്നത്.വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ആമ്പൽ വസന്തം കനാൽ ഫെസ്റ്റ് രാവിലെ 6 മുതൽ 10 വരെയാണ് ഒരുക്കിയിരിക്കുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നാടൻ കലാകായിക മത്സരങ്ങൾ, ആമ്പൽ ജലയാത്ര, കയാക്കിങ്ങ്, കുട്ടവഞ്ചി, ശിക്കാരി വള്ളയാത്ര, നാടൻ ഭക്ഷ്യമേള, വലവീശൽ മത്സരം, ഓലമെടയൽ മത്സരം, എട്ടുകളി, പകിടകളി മത്സരങ്ങൾ എന്നിവയും വീട്ടമ്മമാർക്കായി രുചിക്കൂട്ട് പാചക മത്സരവും ഒരുക്കിയിട്ടുണ്ട്.


ഫെസ്റ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 9ന് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.