വൈക്കം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയോടെ ആഘോഷിക്കും. ഗംഗ, യമുന സരസ്വതി, നർമ്മദ, ഗോദാവരി, സിന്ധു എന്നീ പേരുകളിട്ട പ്രധാന ശോഭായാത്രകളും നിരവധി ചെറു ശോഭായാത്രകളും വൈകിട്ട് 4 ന് വലിയകവലയിൽ സംഗമിച്ചാണ് മഹാശോഭായാത്രയായി നഗരഹൃദയമായ പടിഞ്ഞാറേ നടയിലേക്ക് നീങ്ങുക. ഗംഗ വൈകിട്ട് 3.30 ന് ആറാട്ടുകുളങ്ങര ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കിഴക്കേനട വഴി വലിയകവലയിലെത്തും.
യമുന 3.30 ന് തെക്കെനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അയ്യർകുളങ്ങര, കാളിയമ്മ നട എന്നിവിടങ്ങളിൽ നിന്നും വരുന്ന ശോഭായാത്രകളുമായി സംഗമിച്ച് വലിയ കവലയിൽ എത്തും.
സരസ്വതി 3.30 ന് ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വലിയകവലയിൽ എത്തും.
ഗോദാവരി 3.30 ന് പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പനമ്പുകാട് ശോഭായാത്രയുമായി സംഗമിച്ച് 4 ന് വലിയ കവലയിൽ എത്തും.
നർമ്മദ വൈകിട്ട് 4.30 ന് വടക്കേ നടയിലെ വിശ്വഹിന്ദുപരിക്ഷത്തിന്റെ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.
സിന്ധു വൈകിട്ട് 3.30 ന് ചാലപറമ്പിൽ നിന്നും ആരംഭിച്ച് പുളിഞ്ചുവട് ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തും.
വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ശോഭായാത്രകൾ വലിയകവലയിൽ സംഗമിക്കുന്നതോടെ മഹാശോഭായാത്ര ആരംഭിക്കും. വൈകിട്ട് 5ന് മുൻ പൊലിസ് മേധാവി ഡോ.ടി.പി. സെൻകുമാർ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യും. വൈക്കം നഗരവീഥിയെ അമ്പാടിയാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും വാദ്യ മേളങ്ങളുടെ താളത്തിനൊപ്പം നൃത്തമാടി കെ.എസ്. ആർ.ടി.സി ,ബോട്ട് ജട്ടി , കച്ചേരിക്കവല, പടിഞ്ഞാറെ നട വഴി മഹാദേവ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ മഹാശോഭായാത്ര സമാപിക്കും. വൈക്കം താലൂക്ക് ആഘോഷ പ്രമുഖ് കെ.ഡി. സന്തോഷ്, സഹ പ്രമുഖ് എം.മനോജ് പ്രസിഡണ്ട് കെ. ശിവ പ്രസാദ്, കാര്യദർശി പ്രീയ ഗിരിഷ് എന്നിവർ നേതൃത്വം നല്കും .

വൈക്കം അയ്യർ കുളങ്ങര ശ്രീദേവി വനിത സമാജം എൻ എസ് എസ് . കരയോഗത്തിന്റെ നേതൃത്വത്തിൽ അയ്യർ കുളങ്ങര ക്ഷേത്രത്തിൽ നിന്നും രാവിലെ 8ന് ആരംഭിക്കുന്ന ശോഭായാത്ര 9ന് പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.