ചങ്ങനാശേരി: പടിഞ്ഞാറൻ നിവാസികളുടെ ആശ്രയമായ നീലംപേരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയകെട്ടിടം നാളെ മുതൽ തുറന്നുനൽകും. ഒരു മാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത കെട്ടിടം ശുദ്ധജല പ്രശ്‌നത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടം തുറക്കാത്തതിൽ പ്രതിഷേധവും ഉയർന്നിരുന്നു.
സ്ഥലപരിമിതികളാൽ വീർപ്പുമുട്ടിയിരുന്ന നീലംപേരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നീലംപേരൂർ, ഈര, വാലടി, നാരകത്തറ തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ് പുതിയ കുടുംബാരോഗ്യകേന്ദ്രം. നീലംപേരൂരിലുള്ള സ്റ്റേറ്റ് ബാങ്കിന് സമീപത്തെ സബ് സെന്ററിലാണ് നിലവിൽ കുടുംബാരോഗ്യകേന്ദ്രം താത്ക്കാലികമായി പ്രവർത്തിക്കുന്നത്.
ദിവസം വേണ്ടത് 2000 ലീറ്റർ ശുദ്ധജലം
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ദിവസവും 2000 ലീറ്റർ ശുദ്ധജലം വേമം. മുറിവുകൾ കഴുകുന്നതിനുൾപ്പെടെ ശുദ്ധജലം ആവശ്യമാണ്. നിലവിൽ ആർ.ഒ പ്ലാന്റ് സ്ഥാപിച്ച് ആരോഗ്യകേന്ദ്രത്തിലെ കിണറിലെ ജലം ഉപയോഗിക്കാനാണ് പദ്ധതി. കൂടുതൽ ജലം ആവശ്യമെങ്കിൽ വിലയ്ക്ക് വാങ്ങാനും പദ്ധതിയുണ്ട്. കിണറിൽ നിന്ന് കൂടുതൽ ശുദ്ധജലത്തിനായി ഫിൽട്ടർ പ്ലാന്റ് സ്ഥാപിക്കാൻ പഞ്ചായത്ത് പ്രോജക്ട് സമർപ്പിച്ചിച്ചുണ്ട്.
2.30 കോടി രൂപ
2.30 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കെട്ടിടം വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കും. റോഡിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിലാണ് കെട്ടിടം.
രണ്ട് ഡോക്ടർമാർ
രാവിലെ 9 മുതൽ 2 വരെയാണ് ഒ.പിയുടെ പ്രവർത്തനം. നിലവിൽ രണ്ട് ഡോക്ടർമാരുടെ സേവനമുണ്ടാകും. ഒരു ഡോക്ടറെ കൂടി നിയമിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. ഇതിന് ശേഷം ഒ.പി 5 വരെയാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.