
കോട്ടയം : കുരുമുളക് വില 670 കടന്നെങ്കിലും ലഭ്യത കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ 700 കടന്ന വില പിന്നീട് താഴ്ന്ന് 640- 650 നിരക്കിലെത്തി. എന്നാൽ മൂന്നാഴ്ച മുമ്പ് വില 700 പിന്നിട്ടു. ഈ ഘട്ടത്തിൽ, കൈയിലുണ്ടായിരുന്ന കുരുമുളക് വിറ്റഴിക്കാൻ എത്തിയ കർഷകരെ വ്യാപാരികൾ ഈർപ്പത്തിന്റെ പേരിൽ 12 ശതമാനം കുറച്ചാണ് വാങ്ങിയതെന്നാണ് പരാതി. ജില്ലയിൽ മലയോര മേഖലയിലാണ് കുരുമുളക് കൃഷി. നഗരപ്രദേശങ്ങളിൽ കുറ്റിക്കുരുമുളക് അടക്കം കൃഷി ചെയ്യുന്നവരുമുണ്ട്. വിലയിൽ അനിശ്ചിതത്വം തുടർന്നതിനാൽ ഭൂരിഭാഗം കർഷകരും കുരുമുളക് വിറ്റഴിച്ചു. ഇതാണ് പലർക്കും തിരിച്ചടിയായത്. വിൽക്കാതെ വച്ചവർ ഇനിയും വില ഉയരാൻ കാത്തിരിക്കുകയാണ്.
വിടാതെ രോഗബാധ
തുടർച്ചയായി ഉണ്ടായ മഴയിൽ കുരുമുളകിന്റെ ഉത്പാദനം പകുതിയായി കുറഞ്ഞു. പന്നിയൂർ, കൈരളി തുടങ്ങിയ സങ്കരയിനം കുരുമുളകുകളാണ് ഇപ്പോൾ കൃഷിചെയ്യുന്നത്. ഇവയ്ക്ക് പ്രതിരോധശേഷികുറവാണ്. ഇത് ഉത്പാദനത്തെ ബാധിച്ചതായി കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അഴുകൽ, കുമിൾ രോഗങ്ങൾ കുരുമുളക് ചെടിയെ പിടികൂടുകയാണ്. രോഗബാധ മൂലം ലഭിക്കുന്ന കുരുമുളകിന്റെ തൂക്കത്തിലും കുറവാണ് രേഖപ്പെടുത്തുന്നത്.
''കനത്തവേനലും, പിന്നാലെ മഴയും എത്തിയത് തിരിച്ചടിയായി. ശേഖരിച്ച് വച്ചത് നേരത്തെ വിറ്റഴിച്ചു. ഉത്പാദനം മുൻവർഷങ്ങളിലേക്കാൾ കുറവായിരുന്നു.
രാമകൃഷ്ണൻ, കർഷകൻ
കാപ്പി വിലയിടിച്ച് വൻകിട വ്യപാരികൾ
ഏറെക്കാലമായി 200-220 രൂപയിൽ നിന്ന കാപ്പിക്കുരു വില രണ്ടാഴ്ച മുമ്പ് 260 രൂപയിലേക്ക് കുതിച്ചു. ആഗോള വിപണിയിൽ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വില 300 രൂപയിലെത്തുമെന്ന സൂചനയുണ്ടെങ്കിലും വൻകിട വ്യാപാരികൾ ഇടപെട്ട് വില ഇടിച്ചു. ഇന്നലെ 250 രൂപയായി. വിലയിലെ പെട്ടെന്നുള്ള ചാഞ്ചാട്ടം മൂലം സ്‌റ്റോക്ക് കൈവശം വച്ചിരുന്ന ചെറുകിട വ്യാപാരികളിൽ ഭൂരിഭാഗവും കാപ്പിക്കുരു വിറ്റൊഴിഞ്ഞു.