pipe

കറുകച്ചാൽ : പാഴാകുന്നത് ലക്ഷങ്ങൾ, ഇപ്പോൾ അതിനപ്പുറം അപകടഭീഷണിയും. പറഞ്ഞുവരുന്നത്

കറുകച്ചാൽ - മണിമല റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പുകളെ പറ്റിയാണ്. ആരും തിരിഞ്ഞുനോക്കാനില്ലാതെ കാട്ടുവള്ളികൾ പടർന്നു കയറിയും തുരുമ്പെടുത്തും ഇവ നശിക്കുകയാണ്. വർഷങ്ങളായി ഇതാണ് സ്ഥിതി. ഇതോടെ നിരവധി കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും, റോഡ് നിർമ്മാണവും പ്രതിസന്ധിയിലായി. കറുകച്ചാൽ നെത്തല്ലൂർ കുരിശുകവല ബൈപ്പാസ്, നെടുംകുന്നം -മാന്തുരുത്തി റോഡ്, പത്തനാട് - കുളത്തൂർമൂഴി റോഡ് എന്നിവയുടെ അറ്റകുറ്റപ്പണിയുമാണ് അനിശ്ചിതമായി നീളുന്നത്. പല റോഡുകളും തകർന്നിട്ടും, തുക അനുവദിച്ചിട്ടും വർഷങ്ങളായി. ചിലയിടങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ച് പോലുമില്ല. സ്ഥാപിച്ചിടത്താകട്ടെ നിർമ്മാണം സ്തംഭിച്ചു.

കുത്തിപ്പൊളിച്ച് കുളമാക്കി

പൈപ്പിടാൻ വേണ്ടി വിവിധ പഞ്ചായത്തുകളിലായി കുത്തിപ്പൊളിച്ച ഗ്രാമീണ റോഡുകൾ നിരവധിയാണ്. പലയിടങ്ങളിലും കാൽനടയാത്ര പോലും അസാദ്ധ്യമായി. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ തുകയും കൂടി. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നിർമ്മാണ ജോലികളെ ബാധിക്കുന്നത്.

രാത്രികാലങ്ങളിൽ അപകടസാദ്ധ്യത

കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകളിൽ ഭൂരിഭാഗവും കാടുമറഞ്ഞ നിലയിലായതിനാൽ വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇടയാക്കുന്നു. റോഡരിക് പൈപ്പ് കവർന്നതോടെ കാൽനടയാത്രികർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇതും അപകടത്തിന് ഇടയാക്കുന്നു.

മൂന്ന് റോഡുകൾക്ക് അനുവദിച്ചത് : 15 കോടി

''എത്രയും വേഗം പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണവും, റോഡ് നിർമ്മാണവും പൂർത്തിയാക്കണം. ഗ്രാമീണറോഡുകളിൽക്കൂടി ഓട്ടം വിളിച്ചാൽ പോലും ഓട്ടോറിക്ഷ ഡ്രൈവർമാർ വരാൻ തയ്യാറാകുന്നില്ല.

രതീഷ്, പ്രദേശവാസി