കോട്ടയം : വന്യജീവി സംരക്ഷണ ഭേദഗതി നിയമനിർമ്മാണത്തിനുള്ള കേരള കോൺഗ്രസ് (എം) പോരാട്ടം എല്ലാ പ്രാദേശിക പാർട്ടികൾക്കും മാതൃകയാണെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള നിയമനിർമ്മാണത്തിനായി ഏറെ നാളുകളായി പാർട്ടി ശക്തമായ പോരാട്ടത്തിലായിരുന്നു. കേന്ദ്രസർക്കാർ ഈ ആവശ്യത്തോട് മുഖം തിരിഞ്ഞു നിന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം മുന്നണിയിലും, മുഖ്യമന്ത്രിയുടെ മുൻപാകെയും ഉന്നയിച്ചത്. മലയോര കർഷകർ ഉന്നയിക്കുന്ന ജീവിതാവശ്യമാണ് യാഥാർത്ഥ്യമാക്കിയെടുത്തതെന്നും കേരള ലായേഴ്സ് കോൺഗ്രസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.