
കോട്ടയം : നഗരമദ്ധ്യത്തിലെ പ്രധാന സ്റ്റാൻഡ്. ദിനംപ്രതിയെത്തുന്നത് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാർ. പക്ഷേ, അകത്തേക്ക് പ്രവേശിക്കണമെങ്കിൽ മലിനജലം ചാടിക്കടന്ന് മൂക്കുപൊത്താതെ നിർവാഹമില്ല. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓടകൾ നിറഞ്ഞ് കവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് നാളേറെയായി. നഗരസഭയുടെ മൂക്കിൻതുമ്പിൽ യാത്രികർ അനുഭവിക്കുന്ന ഈ ദുരിതം ആരും കാണുന്നില്ല. ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾ പലയിടങ്ങളിലായി കിടക്കുകയാണ്. മാലിന്യംനിറഞ്ഞതോടെ വെള്ളമൊഴുക്ക് സുഗമമല്ലാതായി. മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നത് സാക്രമിക രോഗങ്ങൾക്കും ഇടയാക്കും. അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്. സ്റ്റാൻഡിനകത്തേക്ക് കയറിയാൽ സർവത്ര കുഴിയാണ്. ഒപ്പം വെള്ളം കെട്ടിക്കിടക്കുന്നു. ബസുകൾ ആളെയിറക്കുന്നതും കയറ്റുന്നതും ഈ ചെളിവെള്ളത്തിൽ തന്നെ. കുഴി കാരണം ബസുകൾ പലതും സ്റ്റാൻഡിൽ കയറുന്നില്ല.
പണം വിഴുങ്ങും, കുഴിയടക്കില്ല
ബസുകളുടെ സ്റ്റാൻഡ് ഫീസ്, ടാക്‌സി സ്റ്റാൻഡ് ഫീസ്, പൊതുയോഗങ്ങൾ നടത്തുന്നതിനുള്ള ഫീസ് എന്നിങ്ങനെ പല പിരിവുകളും നഗരസഭ നടത്തുന്നുണ്ട്. എന്നിട്ടും കുഴി മൂടാൻ തയ്യാറായിട്ടില്ല. മഴ തുടങ്ങിയാൽ കുഴികൾ തലപൊക്കും. അടുത്തിടെ മണ്ണിട്ട് തടിതപ്പിയെങ്കിലും വീണ്ടും വൻകുഴിയായി. പഴയകെട്ടിടം പൊളിച്ച ശേഷം പുതിയ സ്റ്റാൻഡ് നിർമിക്കുമെന്ന പ്രഖ്യാപനം വാക്കിലൊതുങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചതൊഴിച്ചാൽ യാത്രക്കാർക്കായി നഗരസഭ ഒന്നും ചെയ്തില്ല.
എന്തൊക്കെ സഹിക്കണം
കാത്തിരിപ്പുകേന്ദ്രത്തിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നു
കൊതുക് ശല്യവും രൂക്ഷമാണെന്ന് യാത്രക്കാരുടെ പരാതി
യാത്രക്കാർക്ക് കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പതിവ്
യാത്രക്കാരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം തെറിക്കുന്നു
അപകടം തുറിച്ച് നോക്കി
തറയിൽ ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് കമ്പികളാണ് മറ്റൊരു കെണി. സാരി കമ്പിയിലുടക്കി സ്ത്രീകൾ വീഴാനുള്ള സാദ്ധ്യതയേറെയാണ്. കുഴിയുടെ അപകടാവസ്ഥ മനസിലാകില്ല. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഓഫീസിലേക്കും സ്‌കൂളുകളിലേക്കും പോകാനും അടുത്ത ബസിൽ കയറാനും ഓടുന്നതിനിടയിലാണ് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്.
''സ്റ്റാൻഡിൽ മണ്ണുനിറച്ച് യാത്രക്കാരുടെ കണ്ണിൽപ്പൊടിയിടാതെ ശാശ്വതപരിഹാരം കാണണം. ഓടകൾ വൃത്തിയാക്കി മൂടികൾ പുന:സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
യാത്രക്കാർ