കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലുങ്കത്ര - കരീമഠം - ചീപ്പുങ്കൽ റോഡ് നിർമ്മാണം കേന്ദ്ര സർക്കാരിന്റെ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നിർമ്മിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. നിലവിൽ റോഡ് കല്ലുങ്കത്രയിൽ നിന്ന് പടിഞ്ഞാട്ട് ചെങ്ങളവൻ പറമ്പ് വരെയും ചീപ്പുങ്കൽ നിന്ന് കിഴക്കോട്ട് കോലടിച്ചിറ വരെയും എത്തി നിൽക്കുന്നു. ഇടയ്ക്കുള്ള മൂന്നരകിലോമീറ്റർ ദൂരം പാടശേഖരത്തിലൂടെയാണ് റോഡ് നിർമ്മിക്കേണ്ടത്. റോഡ് പൂർത്തിയാകുന്നതോടെ ചേർത്തല, വൈക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കുമരകത്ത് എത്താതെ കോട്ടയം ടൗണിലും, മെഡിക്കൽ കോളേജിലും വേഗത്തിൻ എത്താൻ കഴിയും. ചേർത്തല - കുമരകം - കോട്ടയം റോഡിന് സമാന്തര പാതയാകുന്നതോടെ വാഹനങ്ങൾക്ക് കോട്ടയത്ത് എത്തുന്നതിന് അഞ്ച് കിലോമീറ്റർ ലാഭിക്കാം. കുമരകത്തെ ഗതാഗതക്കുരുക്കിന് പരിഹാരവുമാകും. പി.എം.ജി.എസ് വൈ പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എം.പിയ്ക്ക് നിവേദനം നൽകിയിരുന്നു.