ജോസ് കെ. മാണിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 2.50 കോടി രൂപയുടെ പദ്ധതി
പാലാ : കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തോട് അനുബന്ധിച്ച് നിർമ്മിക്കുന്ന കെ.എം. മാണി ക്യാൻസർ സെന്ററിനായുള്ള കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 2 കോടി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. റേഡിയേഷൻ ചികിത്സ കൂടി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ വകുപ്പിനു കീഴിൽ നിലവിൽ വയനാട്ടിലും, എറണാകുളം ജനറൽ ആശുപത്രിയിലുമാണ് റേഡിയേഷൻ ചികിത്സയുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലയിൽ നിന്ന് തിരുവനന്തപുരം ആർ.സി.സിയിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി.
ആശുപത്രിയിലെ ക്യാൻസർ ചികിത്സാ വിഭാഗത്തിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി രോഗികൾക്ക് ലഭ്യമാക്കുന്നുണ്ട്. കിടത്തി ചികിത്സാ വിഭാഗത്തിൽ തീവ്രപരിചരണ വിഭാഗവും ഐസൊലേഷൻ വിഭാഗവും ക്രമീകരിച്ചിട്ടുണ്ട്. റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന് ജോസ്.കെ.മാണി ശിലാസ്ഥാപനം നടത്തും. നഗരസഭാ ചെയർപേഴ്‌സൺ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിക്കും മാണി സി കാപ്പൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കളക്ടർ ചേതൻ കുമാർ മീണ എന്നിവർ പങ്കെടുക്കും.