
കോട്ടയം: 'സോഷ്യൽ മീഡിയയിൽ ഗൗരവമുള്ള ഒരു വിഷയം പോസ്റ്റ് ചെയ്താൽ പ്രതികരിക്കില്ല. സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാൽ, പത്രത്തിലെ ഒരു ഫോട്ടോ കണ്ട് കുറിപ്പെഴുതിയാൽ മുതിർന്ന ആളെങ്കിൽ തന്തവൈബെന്നു പരിഹസിച്ച് ആക്രമിക്കും. -" കേരളസർവ്വകലാശാല മുൻ വൈസ് ചാൻസലറും ന്യൂറോ സർജനുമായ ഡോ.ബി.ഇക്ബാലിന്റേതാണ് ഈ പ്രതികരണം.
ഫേസ് ബുക്കിലും മറ്റും ഭയപ്പാടോടെ മാത്രം എന്തെങ്കിലും സന്ദേശം അയയ്ക്കുന്ന വിഭാഗമായി വയോജനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. 97 വയസുള്ള പ്രൊഫ. എം. ലീലാവതി 'ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ എനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ലെന്ന്" പറഞ്ഞത് പ്രായാധിക്യത്തിന്റെ ഫലമായുള്ള പിച്ചും പേയും പറച്ചിലായും വ്യാഖ്യാനിക്കപ്പെട്ടു. ലീലാവതി ടീച്ചർക്കെതിരെ വരെയുള്ള ആക്രമണം കാണുമ്പോൾ കേരളസമൂഹം എങ്ങോട്ടു പോകുന്നു എന്നു ചിന്തിച്ചു പോകും?
അടുത്തിടെ ഒരു സിനിമ കണ്ട് 'മലയാള സിനിമയിലെ യക്ഷിബാധ" എന്ന പോസ്റ്റ് ഡോ.ബി.ഇക്ബാൽ ഫേസ് ബുക്കിൽ ഇട്ടിരുന്നു. 'ബീഭത്സം, അരോചകം അസഹ്യം" എന്നൊക്ക വിശേഷിപ്പിക്കാൻ കഴിയുന്ന, നല്ലൊരു തിരക്കഥ പോലുമില്ലാത്ത പരമ ബോറൻ സിനിമ യക്ഷിക്കഥ എന്നായിരുന്നു മലയാള സിനിമയിലെ യക്ഷി ബാധ എന്ന തലക്കെട്ടോടെയുള്ള കുറിപ്പ്.
ഡോ.ബി. ഇക്ബാലിന് കേരളീയ പൊതു സമൂഹത്തിലുള്ള വിലയോ മുതിർന്ന ആളെന്ന പരിഗണനയോ ഇല്ലാതെ തന്തവൈബ് പ്രയോഗത്തോടെ കടന്നാക്രമിച്ച മോശം കമന്റുകളാണ് ഉണ്ടായത്. 'സൈബർ ഇടത്ത് ആർക്കും എന്ത് അഭിപ്രായവും പറയാം. എങ്കിലും പ്രായത്തെയെങ്കിലും ബഹുമാനിക്കേണ്ടേ?ഡോക്ടർ ചോദിക്കുന്നു.
പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി ചെറുവയൽ രാമനൊപ്പം അമ്പെയ്ത്ത് പരിശീലിക്കുന്നതും പാട വരമ്പത്തു കൂടി നടക്കുന്നതുമായ ഫോട്ടോ പത്രത്തിൽകണ്ട് 'രാഷ്ട്രീയം തത്കാലം മാറ്റിവയ്ക്കുക. ഇത്രയധികം അർത്ഥതലങ്ങളുള്ള ഹൃദയ സ്പർശിയായ മറ്റൊരു ചിത്രം ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന" ചിത്രത്തോടെ ഇട്ട രാഷ്ട്രീയത്തിനതീതമായ പോസ്റ്റിനെതിരെയും നിരവധി നെഗറ്റീവ് കമന്റുകൾ ഉണ്ടായിയെന്ന് ഡോ. ഇക്ബാൽ ചൂണ്ടിക്കാട്ടി.
എതിർക്കുന്നവർ സ്വതന്ത്രമായി എതിർക്കട്ടെ, അവരോട് വിരോധമില്ല. വിശക്കുന്ന കുട്ടികൾ ഏതു നാട്ടിലായാലും ഏതു ജാതിയായാലും മതമായാലും എനിക്ക് ഒരുപോലെയാണ്. എന്റെ നാട്ടിലായാലും വേറെ നാട്ടിലായാലും കുട്ടികൾ കുട്ടികളാണ്. അതിൽ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല. മുണ്ടക്കൈ, ചൂരൽമല ദുരന്തകാലത്തും താൻ പിറന്നാൾ ആഘോഷിച്ചിട്ടില്ല.
ഡോ.എം. ലീലാവതി