ചികിത്സയും മരുന്നും സൗജന്യം
പാലാ : നഗരസഭയുടെ ചുമതലയിൽ രണ്ടാമത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പാലാ കെ.എം.മാണി ബൈസിൽ അരുണാപുരത്ത് തുറന്നു. നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ നഗരസഭയിൽ അനുവദിച്ച രണ്ടാമത് ഹെൽത്ത് സെന്ററാണിത്. സ്ഥിരം ഡോക്ടറുടേയും, നഴ്‌സിന്റെയും സേവനവും ഫാർമസി സൗകര്യവും ലഭ്യമാകും.
സാധാരണക്കാരായ രോഗികൾക്ക് ചികിത്സാ ചിലവുകൾ ഇല്ലാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനറൽ ആശുപത്രിയിലെ മെഡിസിൽ വിഭാഗത്തിൽ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കുന്നതിനും മണിക്കൂറുകൾ ക്യൂനിൽക്കേണ്ട സാഹചര്യവും ഇല്ലാതാക്കാൻ രോഗികൾ ഹെൽത്ത് സെന്റർ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ, സ്വാമി വീതസംഗാനന്ദ, ആന്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ഷാജു തുരുത്തേൽ, ജോസ് ജെ.ചീരാംകുഴി, സിജി പ്രസാദ്, നീന ചെറുവള്ളി, മായാപ്രദീപ് എന്നിവർ പ്രസംഗിച്ചു.
പ്രവർത്തനം 12 മുതൽ 6 വരെ
ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനസമയം. മൈനർ ഡ്രസിംഗ്, രോഗീ നിരീക്ഷണം, ജീവിതശൈലീ രോഗനിർണയം, റഫറൽ സംവിധാനം, ബോധവത്കരണ ക്ലാസുകൾ, ഗർഭിണികൾക്കായുള്ള പരിശോധനകൾ, കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ് സേവനങ്ങളും ലഭ്യമാണ്.