കങ്ങഴ: പത്തനാട് പടിഞ്ഞാറേമന ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗീതോത്സവവും വിദ്യാപരാശക്തി പൂജയും പൂജവെയ്പ്പും വിദ്യാരംഭവും മഹാനവചണ്ഡികാഹോമവും 22 മുതൽ ഒക്ടോബർ 2 വരെ നടക്കും. സ്വാമി മധുദേവാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും. കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ആചാര്യൻ സ്വാമി ദേവചൈതന്യാനന്ദ സരസ്വതി നവരാത്രി മണ്ഡപത്തിലെ കലാവിളക്ക് തെളിയിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജകൾ, ദേവിഭാഗവത പാരായണം, മഹാപ്രസാദമൂട്ട്, സംഗീതാരാധന, മഹാദീപാരാധന, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. എട്ടാം ദിവസം വൈകിട്ട് 5ന് ഭദ്രവിളക്കമ്മയുടെ മാന്ത്രികഗ്രന്ഥം അകത്തേക്ക് എഴുന്നള്ളിപ്പും തുടർന്ന് പൂജവെപ്പും നടത്തും. മഹാനവമി ദിനത്തിൽ ആയുധപൂജ, പുസ്തകപൂജ, മഞ്ഞൾ നീരാട്ട്, കുങ്കമാഭിഷേകം, മറ്റു വിശേഷാൽ പൂജകൾ. വിജയദശമി ദിനത്തിൽ വിദ്യാരംഭം, മഹാനവ ചണ്ഡികാഹോമം, മന്ത്രദീക്ഷാദാനം, സാംസ്‌ക്കാരിക സമ്മേളനം, രാവിലെ 7ന് മാന്ത്രികഗ്രന്ഥം പുറത്തേക്ക് എഴുന്നള്ളിപ്പും പൂജയെടുപ്പും. തുടർന്ന് 9 മുതൽ വിദ്യാരംഭം. സാംസ്‌ക്കാരിക സമ്മേളനം ഡോ. എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെമ്പർ എ.എം.മാത്യു ആനിത്തോട്ടം, സി.വി തോമസുകുട്ടി, ഗീത രാമൻ എന്നിവർ പങ്കെടുക്കും . സ്വാമി മധുദേവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കലാ ശ്രേഷ്ഠപുരസ്‌കാരം സിനിമ മിമിക്രി താരം കലാഭവൻ മണികണ്ഠന് സമ്മാനിക്കും. മനോജ് ഒളശ്ശ, അബൂബക്കർ ആലക്കാട്, താഹ പത്തനാട്, മോഹൻദാസ് പി.വി എന്നിവരെയും ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ, ഗാനമേള, ഭജനാമൃതം.