പാലാ: ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ്) 51ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പാലായിൽ നടക്കുമെന്ന് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേലും ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയും അറിയിച്ചു.

ഇന്ന് വൈകിട്ട് 3.30ന് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടിവ് നടക്കും.

നാളെ രാവിലെ 9.30ന് പാലാ ടൗൺ ഹാളിൽ (രാഘവൻ ശാസ്ത്രി നഗറിൽ) പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ബി.വി.എസ് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.

ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. മാണി.സി. കാപ്പൻ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പ്രതിഭകളെ ആദരിക്കും. രക്ഷാധികാരി പി.ആർ. ശിവരാജൻ, കെ.വി.ഇ.എസ്. ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിക്കും.

11.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോർട്ടും, ട്രഷറർ റ്റി.എൻ. നന്ദപ്പൻ കണക്കും, ദേവസ്വം ട്രഷറർ ഡി. സുരേഷ് ദേവസ്വം കണക്കും അവതരിപ്പിക്കും. തുടർന്ന് പൊതു ചർച്ചയും തെരഞ്ഞെടുപ്പും നടക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ റ്റി.എൻ. നന്ദപ്പൻ, എൻ. എസ്. കുഞ്ഞുമോൻ, അനിൽകുമാർ എ.ആർ, ശരത് കുമാർ പി.എസ് എന്നിവരും പങ്കെടുത്തു.