asthi

കോട്ടയം : ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹൈസ്‌കൂൾ മൈതാനത്തിന് സമീപത്തെ കുറ്റിക്കാടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെ ഫുട്‌ബാൾ പരീശീലനം നടത്തുന്ന കുട്ടികളാണ് ആദ്യം കണ്ടത്. തുടർന്ന് പരിശീലകനെ അറിയിച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പൊലീസും, ഫോറൻസിക് വിദഗ്ദ്ധരും അസ്ഥികൂടം ശേഖരിച്ചു. തലയോട്ടിയും വാരിയെല്ലിന്റെയും, തുടയെല്ലിന്റെയും അസ്ഥിയാണ് ലഭിച്ചത്. മൂന്നു മുതൽ ആറുമാസത്തെ പഴക്കമുള്ളതായി കരുതുന്നു. സമീപത്തു നിന്ന് ഒരു ഡബിൾ മുണ്ടും, നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹാവശിഷ്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഫലം വന്നാലേ മൃതദേഹം സ്ത്രീയുടേതാണോ, പുരുഷന്റേതാണോയെന്ന് തിരിച്ചറിയാനാകൂ. മരണകാരണവും വ്യക്തമാകും. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം.