s
വിളവെടുത്ത സിലോൺ അടയ്ക്ക

കോട്ടയം: ചിലർ അലങ്കാരത്തിന് മുറ്റത്ത് വളർത്തും. അതല്ലെങ്കിൽ പറമ്പുകളിൽ താനേ വിത്തു വീണ് കിളിർക്കും. പരിപാലനമോ വളപ്രയോഗമോയില്ലാതെ പോക്കറ്റ് നിറയ്ക്കുന്ന സിലോൺ കമുകിനെ ഇടവിള കൃഷിയാക്കുകയാണ് ജില്ലയിലെ ഒരു വിഭാഗം കർഷകർ.

നവരാത്രി കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യപകമായി ഉപയോഗിക്കുന്ന സിലോൺ പാക്കിന്റെ സീസണാണിപ്പോൾ. ചെറിപ്പഴം പോലെ തോന്നുന്ന സിലോൺ കമുകിന്റെ അടയ്‌ക്കകൾ കാഴ്ചയ്ക്ക് മനോഹരമാണ്. സാധാരണ കമുകിന്റെ പാതി വണ്ണമോ നീളമോയില്ല. ഇത് മൂലം അലങ്കാരച്ചെടികൾ പോലെ വളർത്തി തുടങ്ങിയതാണ്. കായകൾ തിന്ന വവ്വാലുകളും കിളികളും ഉപേക്ഷിക്കുന്ന വിത്ത് വീണ് താനെ വളരുന്ന സിലോൺ കമുക് വിളവും തരും. നാലു വർഷത്തിനുള്ളിൽ കായകൾ വിരിയും. പ്രത്യേക പരിപാലനമുണ്ടെങ്കിൽ മികച്ച വിളവ് ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്.

 വില 250-300വരെ
ഉണങ്ങിയെടുത്ത ഒരു കിലോ കുത്തിയെടുത്താൽ 650 ഗ്രാംവരെയുണ്ടാവും. രണ്ട് കിലോവരെ ലഭിക്കുന്ന കമുകുണ്ടാവും. നിറമുള്ള അടയ്‌ക്കയ്ക്കാണ് ഉയർന്ന വില ലഭിക്കുക. നിറം കുറഞ്ഞാൽ വിലയും കുറയും. ഉണക്കി കുത്തിയെടുത്താണ് വിൽക്കുക. ഇപ്പോൾ വർഷം മുഴുവനും വ്യാപാരികൾ സിലോൺ അടയ്ക്ക സംഭരിക്കുന്നുണ്ട്. കൂടുതൽപേർ കൃഷിയിലേയ്ക്ക് കടന്നത് വില കുറയാനും കാരണമായി. മുൻപ് 400 രൂപവരെ ലഭിച്ചിരുന്നിരുന്നു.

ഡിമാൻഡ് കൂടുതൽ നവരാത്രി ആഘോഷ കാലത്ത്
 നവരാത്രി ആഘോഷൾക്ക് ഉപയോഗിക്കുന്നത് ഉത്തരേന്ത്യക്കാർ

ഈരാറ്റുപേട്ട, പാലാ, കോട്ടയം കേന്ദ്രീകരിച്ച് സംഭരണം

 വെയിലിൽ ഉണങ്ങി കുത്തിയെടുത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ട്

ഒരുചെലവുമില്ലാതെ വളരുന്നതിനാൽ ഇടവിളയെന്ന നിലയിൽ സാദ്ധ്യതയുണ്ട്. രോഗബാധയും കുറവാണ് മഴക്കാലത്ത് ഉണക്കിയെടുക്കുന്നത് ബുദ്ധിമുട്ടാണ്.

തോമസ്, പള്ളിക്കത്തോട്