കോട്ടയം: പത്രാധിപർ കെ.സുകുമാരന്റെയും കേരളകൗമുദിയുടെയും പുരോഗമന നിലപാടുകൾ വർത്തമാനകാലത്തും പ്രസക്തമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജാതീയമായ വേർതിരിവുകൾക്കെതിരെ സർക്കാർ നിലപാടുകളോട് യോജിക്കുന്നതാണ് കേരളകൗമുദിയുടെ ആശയങ്ങൾ. ജാതീയ ഉച്ചനീചത്വങ്ങളും പഴഞ്ചൻ ചിന്താഗതികളുമുള്ള കാലഘട്ടത്തിലേക്ക് പലരും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമൂഹ്യ മുന്നേറ്റവും പരിവർത്തനവും ഉണ്ടായെന്ന് പറയുന്ന കേരളത്തിലാണ് കൂടൽമാണിക്യം പോലെയുള്ള സംഭവങ്ങൾ. അക്കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിച്ചു. അതിനൊപ്പമാണ് കേരളകൗമുദിയും നിലകൊണ്ടത്. അനശ്വരനായ പത്രാധിപരാണ് കെ.സുകുമാരൻ. മാദ്ധ്യമലോകത്ത് പത്രത്തിന് നിർവഹിക്കാനുള്ള ദൗത്യം, പ്രഭാഷണത്തിലൂടെ, എഴുത്തിലൂടെ ബോധ്യപ്പെടുത്തിയത് പത്രാധിപരാണ്. പത്രാധിപരുടെ പ്രാഗത്ഭ്യവും വൈദഗ്ദ്ധ്യവും വീക്ഷണവും തിരിച്ചറിയുന്നത് എഡിറ്റോറിയലിലൂടെയാണ്. സ്വതസിദ്ധമായ ശൈലിയിലും ഭാവനയിലുമാണ് എഡിറ്റോറിയൽ രൂപപ്പടുത്തുന്നതും. സാമൂഹ്യമാറ്റത്തിന് വേണ്ടി, പുരോഗമനപരമായ വീക്ഷണത്തിൽ നിന്നുകൊണ്ടാണ് നിലപാടുകൾ സ്വീകരിക്കുന്നത്. സമകാലീന പത്രപ്രവർത്തനത്തിൽ അപചയങ്ങളുണ്ട്. അധമസംസ്‌കാരത്തെ പത്രാധിപർ എതിർത്തിരുന്നു. ശരിയുടെ പാതയാണ് കേരള കൗമുദി പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച കെ.പി കേശവൻ, കെ.കെ ഫിലിപ്പ്കുട്ടി, അഭിലാഷ് മഴുവഞ്ചേരിൽ, പി.കെ നാരായണൻ, ഡോ.സി.വി ജെയിംസ്, കെ.പി സുരേന്ദ്രൻ വൈദ്യർ, വിജയകുമാർ, ആനന്ദവല്ലി എന്നിവരും ശരത്ത്, അനൂപ്,ടോം എന്നിവർക്കു വേണ്ടി എസ്. കുമാറും മന്ത്രിയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
ഫ്രാൻസിസ് ജോർജ് എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും അനുസ്മരണ പ്രഭാഷണം നടത്തി.
മാദ്ധ്യമരംഗത്തെ അതുല്യപ്രതിഭയും പൊതു പ്രവർത്തന രംഗത്തിനും ജനാധിപത്യവ്യവസ്ഥിതിയ്ക്കും മാർഗദീപമായും പ്രവർത്തിച്ച പത്രാധിപരാണ് കെ.സുകുമാരനെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. പുരോഗമന ആശയങ്ങൾക്കൊപ്പം നിലനിന്നിരുന്ന പത്രാധിപരുടെ ചിന്തകൾ, കാലത്തിന് മുൻപേ സഞ്ചരിച്ചിരുന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക ലേഖകൻ വി.ജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.
പുഷ്പാർച്ചന നടത്തി
കോടിമത പത്രാധിപർ സ്ക്വയറിൽ നടന്ന പുഷ്പാർനച്ചയിലും തുടർന്ന് നടന്ന സമ്മേളനത്തിലും കേരളകൗമുദി വായനക്കാരും പത്രാധിപ പ്രതിമാ നിർമാണ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി, അഡ്വ.പി.എൻ അശോക് ബാബു, എം.മധു, പി.ജി.സുഗുണൻ, റിട്ട.ആർ.ഡി.ഒ പി.ജി രാജേന്ദ്ര ബാബു, എ.പി മണി, മോഹനൻ ഡി. കുറിച്ചി, പി.വി.ശശിധരൻ, ഷിബു മൂലേടം, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.