
കോട്ടയം: വിരിപ്പു കൃഷിയുടെ നെല്ല് വിറ്റതിന്റെ പണം ആറുമാസമായിട്ടും കിട്ടിയില്ലെങ്കിലും കുട്ടനാട് അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾ പുഞ്ച കൃഷിക്ക് തയ്യാറായി. നാഷണൽ സീഡ് കോർപ്പറേഷൻ,കർണാടക സീഡ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമാണ് വിത്ത് വാങ്ങുന്നത്. കിലോയ്ക്ക് 45 രൂപ വരെയുള്ള വിത്ത് കൃഷിഭവൻ വഴിയും പഞ്ചായത്തു വഴിയും ലഭിക്കുന്നത് സബ്സിഡി നിരക്കിലാണ്. ഗുണനിലവാരമില്ലാത്ത വിത്താണ് പലപ്പോഴം ലഭിക്കുന്നതെന്ന പരാതി ഉണ്ട്. വിത്തു മുളയ്ക്കുന്നില്ലെങ്കിൽ വീണ്ടും വിതക്കുന്നതിന് പണം നൽകണം. സ്വകാര്യ ഏജൻസികളുടെ വിത്ത് കൂടുതൽ വില നൽകി വാങ്ങേണ്ടി വരും. ഇത് കർഷകർക്ക് ഇരട്ടി നഷ്ടമുണ്ടാക്കും. 120 ദിവസം മൂപ്പുള്ള ഉമ വിത്താണ് (ഉണ്ട അരി) കുട്ടനാട് അപ്പർ കുട്ടനാടൻ പാടങ്ങളിൽ കൂടുതലും വിതയ്ക്കുന്നത്. എന്നാൽ പാലക്കാടൻ മട്ട (വടി അരി) ഡി.വൺ, 12,85 ഇനം അരിക്കും ഡിമാൻഡ് ഏറെയാണ്.
പുഞ്ച കൃഷിക്കായി പാടങ്ങളിലെ വെള്ളം വറ്റിക്കാനുള്ള ലേലം പുഞ്ച സ്പെഷ്യൽ ഓഫീസിൽ ആരംഭിച്ചു. വൈദ്യുതി കണക്ഷൻ ലഭിച്ച പാടങ്ങളിൽ വെള്ളം പറ്റിക്കുന്ന ജോലി ഉടൻ ആരംഭിക്കും. മണ്ണിലെ പുളിരസം ഇല്ലാതാക്കാൻ നീറ്റുകക്കയോ കുമ്മായമോ വിതറും. ട്രാക്ടറോ ട്രില്ലറോ ഉപയോഗിച്ചു നിലം ഉഴും. അതിനു ശേഷമാണ് വിത.
വിത്തിനും പണം കണ്ടെത്തണം
ഏക്കറിന് 40 കിലോവിത്താണ് കൃഷി വകുപ്പ് സൗജന്യനിരക്കിൽ നൽകുന്നത്. കഴിഞ്ഞ കൃഷിയുടെ നെല്ലിന്റെ പണം ഇനിയും ലഭ്യമായിട്ടില്ലെന്നിരിക്കെ വിതയ്ക്കുള്ള വിത്തും കൃഷി വകുപ്പ് കർഷകർക്ക് ലഭ്യമാക്കിയിട്ടില്ല.1200 ടൺ നെൽ വിത്ത് വേണ്ടി വരും. നെല്ലിന്റെ പണം കിട്ടാത്ത കർഷകർ ഇനി വിത്തിന് കൂടി പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. കർഷകരെ ചൂഷണം ചെയ്യാൻ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വിത്തെത്തിച്ച് നൽകുന്ന ഏജന്റുമാർ വട്ടം ചുറ്റുന്നുണ്ട്.
കുമരകം തിരുവാർപ്പ് അയ്മനം ആർപ്പുക്കര നാട്ടകം നീണ്ടൂർ ഏറ്റുമാനൂർ പഞ്ചായത്തുകളിലാണ് ജില്ലയിൽ പുഞ്ച കൃഷി. നവംബർ അവസാനിക്കും മുമ്പ് വിത പൂർത്തിയാക്കാനാണ് നിർദ്ദേശം. ഡിസംബർ പകുതിയോടെ തണ്ണീർമുക്കം ബണ്ട് അടയ്ക്കണം .അതിനു മുമ്പ് വിത പൂർത്തിയാക്കണം. അല്ലെങ്കിൽ ബണ്ട് അടയ്ക്കുന്നത് വൈകും. ഇത്കുട്ടനാട്ടിലെ പരിസ്ഥിതി സന്തുലിതാവസ്ഥക്കും ദോഷകരമാകും.
പുഞ്ചകൃഷി വൈകിയാൽ ഏപ്രിൽ,മേയ് മാസങ്ങളിലെ കൊടും ചൂടും ഉഷ്ണതരംഗവും വൻ തോതിലുള്ള കൃഷി നാശത്തിന് ഇടയാക്കും.