പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയ്ക്ക് രണ്ട് പുതിയ ബസ്സുകൾ അനുവദിച്ചു. തിരുവമ്പാടി, ആനക്കട്ടി എന്നീ സർവീസുകൾക്കാണ് പുതിയ ബസ്. ഉച്ചയ്ക്ക് 1:30ന് തിരുവമ്പാടിക്കും രാത്രി 10ന് ആനക്കട്ടിക്കും സർവീസ് നടത്തും. മാണി.സി കാപ്പൻ എം.എൽ.എയുടെ ശ്രമഫലമായാണ് ബസുകൾ അനുവദിച്ചത്. പാലാ ഏ.റ്റി.ഒ അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ ബസുകൾ മാണി സി.കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി.ജി ജോസഫ്, സൂപ്രണ്ട് ദീപ, എം.എൽ.എയുടെ പി.എ ടി.വി ജോർജ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, താലൂക്ക് സമിതി അംഗം പീറ്റർ പന്തലാനി, തങ്കച്ചൻ മുളകുന്നം, പ്രശാന്ത് വള്ളിച്ചിറ, റോയ് നാടുകാണി, താഹ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു
രണ്ട് ബസ് കിട്ടിയപ്പോൾ രണ്ട് എണ്ണം കൊണ്ടുപോയി
പാലാ: ഓണക്കാലത്ത് യാത്രാതിരക്ക് പരിഗണിച്ച് മൈസൂരിലേയ്ക്കും തിരിച്ചും സ്‌പെഷ്യൽ സർവ്വീസിനായി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭിച്ചപ്പോൾ ഡിപ്പോയിൽ ഉണ്ടായിരുന്ന രണ്ട് ഫാസ്റ്റ് ബസുകൾ കൊട്ടാരക്കരയ്ക്കും പുനലൂർക്കും കൊണ്ടുപോയതായി പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. മൈസൂരിലേയ്ക്ക് നടത്തിയിരുന്ന സ്‌പെഷ്യൽ സർവീസുകൾ നിർത്തിയതിനെ തുടർന്ന് ഈ ബസുകൾ ആനക്കട്ടി, തിരുവമ്പാടി സർവീസുകൾക്കായി മാറ്റി. പാലാ ഡിപ്പോയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സർവ്വീസ് നടത്തുന്ന കൊന്നക്കാട്, പാണത്തൂർ ദ്വീർഘ ദൂര സർവ്വീസുകൾക്ക് ഇന്നും കലപ്പഴക്കം ചെന്ന ബസുകളാണ് ഉപയോഗിക്കുന്നത്.
പാലാ ഡിപ്പോയിൽ നിന്നും പുലർച്ചെ എറണാകുളം ഭാഗത്തേയ്ക്ക് 5.40ന് സർവ്വീസ് നടത്തികൊണ്ടിരുന്ന ടേക്ക് ഓവർ സർവ്വീസ് മുടക്കുന്നത് സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ചൂണ്ടികാട്ടി.