
കോട്ടയം: ജി.എസ്.ടി കിഴിവ് പ്രാബല്യത്തിലായി മൂന്നുദിവസമായിട്ടും പല കടകളിലും സാധനങ്ങൾക്ക് പഴയ വില ഈടാക്കുന്നതായി പരാതി. എം.ആർ.പി നിരക്കിൽ മാറ്റമില്ല. കമ്പനികൾ നികുതി കുറച്ചിട്ടില്ലെന്ന ന്യായമാണ് കട ഉടമകൾ നിരത്തുന്നത്. ഇത് ഉപഭോക്താക്കളുമായി വാക്കേറ്റത്തിനിടയാക്കുന്നു. ബ്രാൻഡഡ് അരിയ്ക്ക് അഞ്ച് ശതമാനം ജി.എസ്.ടിയാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പായ്ക്കറ്റ് അരി വില കുറഞ്ഞില്ലേയെന്ന് ചോദിക്കുന്നവർ ഏറെയാണെന്ന് കോട്ടയം മാർക്കറ്റിലെ അരി മൊത്തവ്യാപാരികൾ പറഞ്ഞു. ഉപഭോക്താവ് വില കൊടുത്തു വാങ്ങുമ്പോഴാണ് ജി.എസ്.ടി ഈടാക്കുന്നത്. അതിനാൽ, വില എത്രയായാലും അത് എപ്പോൾ രേഖപ്പെടുത്തിയതായാലും ഇളവ് നൽകാൻ ബാദ്ധ്യസ്ഥരായതിനാൽ ബില്ലിംഗ് സംവിധാനം കമ്പ്യൂട്ടറിലാക്കിയ സ്ഥാപനങ്ങൾ വലഞ്ഞു. വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ജി.എസ്.ടി അടക്കുന്ന വൻകിട കടകളിൽ മാത്രമേ വിലക്കുറവ് ലഭിക്കൂ. നികുതി അടയ്ക്കാത്ത ചെറുകിട കച്ചവടക്കാർ എം.ആർ.പി ഈടാക്കേണ്ടി വരും.
ലേഡീസ് സ്റ്റോറുകളിൽ നടപ്പായില്ല
സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നികുതി കുറച്ചെങ്കിലും ലേഡീസ് സ്റ്റോറുകളിൽ വില കുറച്ചിട്ടില്ല. വൻകിട ഷോപ്പിംഗ് മാർക്കറ്റുകളിൽ കുറഞ്ഞവിലയാണ് കഴിഞ്ഞ ദിവസം മുതൽ ഈടാക്കുന്നത്. വാഹനങ്ങൾ ,ഇലക്ട്രോണിക്സ്, ഉത്പന്നങ്ങൾ, മരുന്നുകൾ, ഭവനനിർമ്മാണ സാമഗ്രികൾ തുടങ്ങിയവയ്ക്കാണ് പ്രധാനമായും വില കുറഞ്ഞത്. ഹോട്ടൽ ,റിസോർട്ട് താമസ നിരക്കിലും കുറവുണ്ടായി ആഹാര സാധനങ്ങളിൽ ഈ കുറവ് വരുത്തിയിട്ടില്ല.
സാധാരണക്കാർക്ക് ആശ്വാസം
സപ്ലൈക്കോ ഔട്ട് ലെറ്റുകളിലും വില കുറഞ്ഞു
ശബരി വെളിച്ചെണ്ണയ്ക്ക് കിലോക്ക് 45 രൂപ കുറഞ്ഞു
മിൽമ നെയ് വില കുറഞ്ഞു, പാൽ വിലയിൽ മാറ്റമില്ല
''ജി.എസ്.ടി കിഴിവ് നിത്യോപയോഗസാധനങ്ങളുടെ വില കുറയ്ക്കാത്തതിനാൽ സാധാരണക്കാർക്ക് നേട്ടമില്ല. പല കടകളിലും പഴയനിരക്കാണ് ഈടാക്കുന്നത്.
തോമസ് (ചുമട്ടുതൊഴിലാളി )