കോട്ടയം: പരിപ്പ് തൊള്ളായിരം റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി 2026 ജനുവരി 31ന് മുമ്പ് തുറന്നു കൊടുക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. നിർമാണം മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പൂർത്തിയാക്കാൻ 7.08 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.

തൊള്ളായിരം പാലം പുനർനിർമ്മിച്ച് റോഡ് ഉയർത്തി പൂർണ്ണമായും ഇന്റർലോക്ക് കട്ടകൾ പാകി നാലുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. അയ്മനത്തെ കുമരകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മാഞ്ചിറ പാലത്തിനായി പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു,എന്നിവർ പ്രസംഗിച്ചു.