tanker

ഇളങ്ങുളം : സെപ്ടിക് ടാങ്ക് ക്ലീനിംഗിന് എത്തിയ സംഘവും ടാങ്കർ ലോറിയും ഗൂഗിൾമാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് രണ്ടാംമൈലിൽ ചെളി നിറഞ്ഞ പറമ്പിൽ കുടുങ്ങി. ചേർത്തലയിൽ നിന്ന് കൂരാലി വഴി പൊൻകുന്നം - പാലാ റോഡിലെത്തിയ സംഘമാണ് വഴിതെറ്റി കുടുങ്ങിയത്. കൊപ്രാക്കളം ആശുപത്രിയുടെ അരികിലൂടെയുള്ള വഴിയിലെ ഒരു വീട്ടിലെത്തേണ്ട സംഘം അരകിലോമീറ്റർ മുൻപ് രണ്ടാംമൈൽ കവലയിൽ നിന്ന് പനമറ്റം റോഡിലേക്ക് ഗൂഗിൾമാപ്പ് തെറ്റായ ദിശ കാണിച്ചതോടെ കയറി. ഇളങ്ങുളം മുത്താരമ്മൻ കോവിലിന്റെ സമീപത്തെ റോഡിലൂടെ എത്തിയ ലോറിക്ക് മുൻപിൽ വഴി തീർന്ന് ചെളിനിറഞ്ഞ പറമ്പിൽ ചക്രങ്ങൾ പുതയുകയായിരുന്നു. പത്രം ഏജന്റ് നെടുമ്പേൽ രഘുനാഥിന്റെ വീടിന് സമീപം പുരയിടത്തിലാണ് ലോറി എത്തിയത്. പിന്നീട് ജെ.സി.ബി എത്തിച്ചാണ് ലോറി വലിച്ചുകയറ്റിയത്.