
കോട്ടയം: ചാമ്പ്യൻസ്ബോട്ട് ലീഗിലെ രണ്ടാം മത്സരത്തിന് ഇന്ന് താഴത്തങ്ങാടി ആറ്റിൽ ഒമ്പതു ചുണ്ടൻ വള്ളങ്ങൾ പോരാട്ടത്തിനിറങ്ങും. നെഹ്‌റു ട്രോഫിയിലും കൈനകരിയിലെ ആദ്യ സി.ബി.എൽ മത്സരത്തിലും ജേതാക്കളായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം താഴത്തങ്ങാടിയിലും കിരീടം ചൂടുമോ
എന്നാണ് വള്ളംകളി പ്രേമികൾ ഉറ്റു നോക്കുന്നത്. ജന്മനാട്ടിലെ മത്സരത്തിൽ ജേതാക്കളാകണമെന്ന ആവേശത്തിലാണ്കുമരകം ടൗൺ ബോട്ടു ക്ലബ്ബിന്റെ പായിപ്പാടനും കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപറമ്പനും ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും. നെഹ്‌റുട്രോഫി ഫൈനലിസ്റ്റുകളായ മേൽപ്പാടവും നടുഭാഗവും നിരണവും കിരീട പ്രതീക്ഷയിലാണ്.
പുന്നമടയിലും, കൈനകരിയിലും നടന്ന മത്സരങ്ങളിൽ സെക്കന്റുകളുടെ സമയ വ്യത്യാസത്തിലാണ് കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബിന് ഫൈനൽ ബർത്ത് നഷ്‌ടമായത്.
കഴിഞ്ഞ വർഷം തങ്ങൾ മത്സരിച്ച ഹീറ്റ്സിൽ കനത്ത മഴയും കാറ്റും തുഴച്ചിലിലെ വേഗത കുറച്ചതിനാൽ ഫൈനലിൽ എത്താൻ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. വീണ്ടും മത്സരംനടത്തണമെന്നാവശ്യപ്പെട്ട് ചുണ്ടൻ വള്ളം കുറുകെയിട്ട് മത്സരം തടസപ്പെടുത്തിയതിന് ടൗൺ ബോട്ട് ക്ലബ്ബിനെ അയോഗ്യരാക്കിയിരുന്നു. അതിനുള്ള മധുര പ്രതികാരം താഴത്തങ്ങാടിയിൽ ഉണ്ടാകുമെന്ന ആത്മ വിശ്വാസത്തിലാണ് ടീം. കഴിഞ്ഞ വർഷത്തെ ലീഗിൽ താഴത്തങ്ങാടിയിൽ ജേതാക്കളായ യു.ബി.സി കൈനകരി ഇത്തവണയില്ല.
നെഹ്‌റു ട്രോഫിയിൽ നിന്ന് വ്യത്യസ്ഥമായി25ൽ കൂടുതൽ അന്യ സംസ്ഥാനതുഴച്ചിൽക്കാരെ ഉൾപ്പെടുത്താനും ഏതു തുഴ ഉപയോഗിക്കാനും സി.ബി.എല്ലിൽ ബോട്ട് ക്ലബ്ബുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്.കൂടുതൽ സാമ്പത്തിക ശേഷിയുള്ള കുട്ടനാടൻ ടീമുകൾക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.
ചുണ്ടനെക്കൂടാതെ ചെറുവള്ളങ്ങളും
ഒമ്പതു ചുണ്ടൻ വള്ളങ്ങൾ മത്സരിക്കുന്ന സി.ബി.എല്ലിനു പുറമേ വെപ്പ്, ഇരുട്ടു കുത്തി ,ചുരുളൻ എ.ബി വിഭാഗങ്ങളിലായി 15 ചെറുവള്ളങ്ങളും ഗെയിൽ കോട്ടയം മത്സര വള്ളംകളിട്രോഫിക്കായി മത്സരിക്കുന്നുണ്ട്.
കനത്ത മഴ ഇന്നും ഇന്നുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം .ഇത് സുഗമമായ മത്സരത്തെ തടസപ്പെടുത്തുമോ എന്നഭീതിയിലാണ് സംഘാടകർ. കഴിഞ്ഞ വർഷം തോരമഴയും കാറ്റും മത്സരം അലങ്കോലപ്പെടുത്തി. ഫൈനൽ ഏറെ വൈകിച്ചിരുന്നു. ഈ വർഷം അതുണ്ടാകില്ലെന്നും സമയ ബന്ധിതമായി മത്സരം പൂർത്തിയാക്കുമെന്നുമാണ് സംഘാടകർ അവകാശപ്പെട്ടത്. ചാമ്പ്യൻസ് ബോട്ട് ലീഗിനു മുന്നോടിയായി ഇന്നലെ സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ടു മത്സരവും നടന്നു