udf

കോട്ടയം : ആഗോള അയ്യപ്പസംഗമം നടത്തിയ ഇടതുസർക്കാരിനെ പിന്തുണച്ച് എൻ.എസ്.എസും, എസ്.എൻ.ഡി.പിയും കെ.പി.എം.എസും രംഗത്തെത്തിയത് തങ്ങളുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയ്ക്കിടെ വിശദീകരണ യോഗവുമായി യു.ഡിഎഫ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, യു.ഡിഎഫ് കൺവീനർ അടൂർ പ്രകാശും അടക്കം ഉന്നത നേതാക്കൾ പങ്കെടുത്ത ആദ്യ യോഗമായിരുന്നു കോട്ടയത്തേത്. എൻ.എസ്.എസിന് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്ന് പറഞ്ഞതിനപ്പുറം വിമർശിക്കാൻ യു.ഡി.എഫ് നേതാക്കൾ ആരും തയ്യാറായില്ല. അതേ സമയം സി.പി.എമ്മിന്റേതും, പിണറായി വിജയന്റേതും കപടഭക്തിയെന്ന് തുറന്നു കാട്ടാനാണ് സതീശൻ ശ്രമിച്ചത്. 2026 ൽ നൂറിലേറെ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നതിനാൽ കനത്ത തോൽവി മുന്നിൽക്കണ്ടുള്ള വിഭ്രാന്തിയിലാണ് ഇടതുമുന്നണി. ശബരിമലയുടെ വികസനത്തിനായി ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച നിരവധി വികസനപദ്ധതികൾ അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്ന യു.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്നും ഒരുപടി കടത്തി അദ്ദേഹം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിച്ച സി.പി.എം ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അടൂർപ്രകാശ് ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മുൻ മന്ത്രി കെ.സി.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.