
തലയോലപ്പറമ്പ് : തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം. കരിപ്പാടം ദാറുസുബഹ് (ഇടപരത്തിൽ )വീട്ടിൽ റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എം റഷീദ്, റിട്ട. ഹെഡ്മിസ്ട്രസ് സജീല ദമ്പതികളുടെ മകൻ മുർത്തൂസ അലി റഷീദ് (27), വൈക്കം പുളിന്തുരുത്തിൽ പി.എസ് അബു - റുക്‌സാന (വഹീദ) ദമ്പതികളുടെ മകൻ ഋതിക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെ എറണാകുളം റോഡിൽ തലപ്പാറ കൊങ്ങിണി മുക്കിലായിരുന്നു അപകടം. തലപ്പാറ ഭാഗത്ത് നിന്ന് വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ യാത്രികരായ ഇവർ. വടകര ഭാഗത്ത് നിന്ന് തലപ്പാറ ഭാഗത്തേക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങളുമായി വരികയായിരുന്നു ലോറി. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. മുൻവശം പൂർണമായി തകർന്ന് കാറിനുള്ളിൽ കുരുങ്ങിക്കിടന്ന ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. മുർത്തൂസ അലിയെ പൊതിയിലെ ആശുപത്രിയിലും, ഋതിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
മുർത്തൂസ അലിയുടെകബറടക്കം കരിപ്പാടം ജുമാ മസ്ജിദ് കബർസ്ഥാനിലും, ഋതിക്കിന്റെ കബറടക്കം നക്കംത്തുരുത്ത് ജുമാ മസ്ജിദ് കബർസ്ഥാനിലും നടന്നു. റിഥുൻ റഷീദ്, റായിസ് അലി റഷീദ് എന്നിവരാണ് മുർത്തൂസയുടെ സഹോദരങ്ങൾ. അമാൻ, റിസ്വാൻ എന്നിവരാണ് ഋതിക്കിന്റെ സഹോദരങ്ങൾ. മുർത്തൂസ അലി വെട്ടിക്കാട്ട് മുക്കിൽ വാഹന സർവീസ് സെന്റർ നടത്തുകയാണ്. വൈക്കത്ത് ബിസിനസാണ് ഋതിക്കിന്.