കോട്ടയം : കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്നും കാലത്തിനനുസരിച്ചുള്ള വൈവിദ്ധ്യവത്കരണത്തിന് കൃഷി വകുപ്പ് ഉദ്യോസ്ഥർ പിന്തുണ നൽകണമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കോഴാ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിലൂടെ ആഭ്യന്തര ഉത്പാദനം 5.5 ലക്ഷം ടണ്ണിൽ നിന്ന് 17.5 ലക്ഷം ടണ്ണായി ഉയർന്നു. പ്രവാസികളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതി വൻ വിജയമാണ്. പദ്ധതി നടപ്പാക്കിയ പത്തനംതിട്ടയിൽ ആദ്യ വർഷത്തിൽ തന്നെ 3.5 കോടി രൂപ ലാഭമുണ്ടാക്കാനായെന്നും മന്ത്രി പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി.