കോട്ടയം: ഗുരുദേവ ദർശനം നെഞ്ചോട് ചേർത്ത ഡോക്‌ടർ ഹരിലാലിന്റെ നിര്യാണം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്‌ടമാണ്. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യരിൽ പ്രമുഖനായ കോട്ടുകോയിക്കൽ വേലായുധന്റെ മകൾ ഡോ. രാധയെയാണ് രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യൻ കെ.വി രാഘവന്റെ മകനായ ഡോ. ഹരിലാൽ വിവാഹം ചെയ്‌തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാതോളജി വിഭാഗത്തിൽ ഹരിലാൽ ട്യൂട്ടർ ആയി ജോലി നോക്കുമ്പോൾ അവിടെ എം.ബി.ബി.എസ് വിദ്യാർത്ഥിനി ആയിരുന്നു രാധ. പിന്നീട് ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നിച്ചു പ്രവർത്തിച്ചു. ഹരിലാൽ പാതോളജി വിഭാഗം വകുപ്പ് മേധാവിയും പ്രിൻസിപ്പലുമായി. രാധ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു.
കൊൽക്കത്തയിൽ വിശ്വഭാരതി സർവ്വകലാശാലയിൽ ബിരുദപഠനത്തിന് എത്തിയപ്പോഴാണ് കൊല്ലം പെരിനാട് സ്വദേശിയായ കെ.വി രാഘവന് മഹാകവി രവീന്ദ്രനാഥ ടാഗോറുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചത്. കോട്ടുകോയിക്കൽ വേലായുധൻ 'ശ്രീനാരായണ ഗുരുവും ശിഷ്യന്മാരും 'എന്ന പ്രശസ്ത ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവാണ്. സംസ്കൃത അദ്ധ്യാപകനായിരുന്നു.ആലുവാ അദ്വൈതാശ്രമവുമായ് ബന്ധപ്പെട്ടും പ്രവർത്തിച്ചു. മഹാകവി കുമാരനാശാൻ,
കേരളകൗമുദി പത്രത്തിന്റെ സ്ഥാപകൻ സി.വി. കുഞ്ഞിരാമൻ, ടി.കെ.മാധവൻ ,കെ.അയ്യപ്പൻ, സത്യവൃത സ്വാമി എന്നിവരുമായും അടുപ്പമുണ്ടായിരുന്നു. ഹരിലാലും രാധയും കോട്ടയത്ത് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഹരിലാൽ ശ്രീനാരായണ സാംസ്കാരിക സമിതി ഭാരവാഹി ആയിരുന്നു.