
കോട്ടയം: ഓണംതുരുത്ത് ഗവൺമെന്റ് എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടമൊരുക്കുന്നത്. മന്ത്രി വി.എൻ. വാസവന്റെ ഇടപടലിനെത്തുടർന്നാണിത്. 6006 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായാണ് നിർമ്മാണം. ഒന്നാം നിലയിൽ ഒരുക്ലാസ് മുറിയും ഓഫീസ് മുറിയും, വിശാലമായ ഡൈനിംഗ് ഏരിയയും പാചകപ്പുരയും പ്രവർത്തിക്കും. രണ്ടാം നിലയിൽ മൂന്നു ക്ലാസ് മുറികളും ലൈബ്രററിയും ഉണ്ടാവും. ഭിന്നശേഷി സൗഹൃദ ശൗചാലയം ഉൾപ്പെടെ പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും. 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ പറഞ്ഞു.