കോട്ടയം: വിജയദശമിദിനത്തിൽ ആദ്യക്ഷര പുണ്യം നുകരാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രം. നാളെ പുലർച്ചെ 4ന് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ ഇന്നും നാളെയുമായി ക്ഷേത്രത്തിലേക്ക് എത്തും. ഇത്തവണ പതിവിൽ കൂടുതൽ കുട്ടികൾ ആദ്യക്ഷരം കുറിയ്ക്കാൻ എത്തുമെന്നതിനാൽ വിപുലമായ ക്രമീമകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലിന് തുടങ്ങി, ഉച്ചകഴിഞ്ഞ് മൂന്നു വരെ വിദ്യാരംഭ ചടങ്ങുകളുണ്ടാകുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. നാൽപതോളം ആചാര്യൻമാർ വിദ്യാരംഭത്തിനുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഓഫീസിലെത്തി ചീട്ടെഴുതി വാങ്ങി വിദ്യാരംഭ ചടങ്ങുകളിൽ പങ്കാളികളാകാമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വിപുലമായ സൗജന്യ പാർക്കിംഗ്, ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ ദേശീയ സംഗീതോത്സവത്തിന്റെ ഭാഗമായി ഇന്ന് പഞ്ചരത്‌ന കീർത്തനാലാപനം രാവിലെ പത്തിന് നടക്കും. മൂന്നിന് പുലർച്ചെ സംഗീതോത്സവത്തിന് സമാപനമാകും. മേൽശാന്തി കൈമുക്ക് നാരായണൻ നമ്പൂതിരി, മാനേജർ കെ.എൻ. നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ കെ.വി ശ്രീകുമാർ എന്നിവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും.