devarajan-master

ഒരിക്കൽ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ പറഞ്ഞൊരു കഥയുണ്ട്. 1979-ൽ, സംവിധായകൻ ശശികുമാറിന്റെ 'ചൂള" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകാൻ മാസ്റ്റർക്ക് അവസരം കിട്ടിയ സമയം. സിനിമയിലെ ആദ്യഗാനത്തിന്റെ റെക്കാർഡിംഗ് ദിവസം. മുതിർന്ന സംഗീത സംവിധായകരെയൊക്കെ അതിഥികളായി നേരത്തേ തന്നെ ക്ഷണിച്ചിട്ടും,​ ദേവരാജൻ മാസ്റ്ററെ രവീന്ദ്രൻ ക്ഷണിച്ചത് തലേന്നു മാത്രം. അതുതന്നെ,​ സ്റ്റുഡിയോയിൽ വച്ച് ദേവരാജൻ മാസ്റ്റർ എതിരെ നടന്നുവരുന്നതു കണ്ട്, നിവൃത്തിയില്ലാഞ്ഞു മാത്രം! അതിന്റെ കാരണം മറ്റൊരു കഥയാണ്.

ക്ഷണിക്കാൻ വൈകിയതിലെ നീരസംകൊണ്ട് ദേവരാജൻ മാസ്റ്റർ പിറ്റേന്ന് റെക്കാർഡിംഗ് സമയത്ത് വരില്ലെന്നാണ് രവീന്ദൻ വിചാരിച്ചതെങ്കിലും സ്റ്റുഡിയോയിൽ ആദ്യം വന്നത് അദ്ദേഹമായിരുന്നു. ഓടിച്ചെന്ന് പാദങ്ങളിൽ നമസ്കരിച്ച് രവീന്ദ്രൻ ഒതുങ്ങി നിന്നു. രവീന്ദ്രൻ നേരത്തേ ക്ഷണിച്ച മറ്റ് സംഗീത സംവിധായകരൊന്നും എത്തിയില്ല. റെക്കാർഡിംഗ് വൈകുന്നതു കണ്ടപ്പോൾ ദേവരാജൻ മാസ്റ്റർ കാരണം തിരക്കി. കൃത്യനിഷ്ഠയിൽ കടുകോളം വീഴ്ചയില്ലാത്തയാൾ- 'എന്താ രവീ താമസം?​"

രവീന്ദ്രൻ മടിച്ചും പേടിച്ചും പറഞ്ഞു: 'മാഷേ,​ ഒരു വാദ്യോപകരണം മറ്രൊരു സ്റ്റുഡിയോയിൽ നിന്ന് വരാനുണ്ട്. അവിടെ റെക്കാർഡിംഗ് കഴിഞ്ഞിട്ടുമില്ല." ഒരു നിമിഷംപോലും വൈകാതെ ദേവരാജൻ മാസ്റ്റർ സഹായിയെ വിളിച്ച് പറഞ്ഞു: 'നമ്മുടെ റെക്കാർഡിംഗിന് എടുത്തത് അടുത്ത സ്റ്റുഡിയോയിൽ ഉണ്ടല്ലോ. വേഗം അത് കൊണ്ടുവരിക."

സഹായി ഒന്നു മടിച്ചു: 'മാസ്റ്റർ,​ അപ്പോൾ നമ്മുടെ റെക്കാർഡിംഗിനോ?​"

'നമ്മുടേത് പിന്നെയും നടത്താം. ഇത് ഇവന്റെ ആദ്യത്തെ പാട്ടാണ്; മുടങ്ങിക്കൂടാ...!"

കുളത്തൂപ്പുഴ രവി എന്ന സംഗീത സംവിധായകൻ ദേവരാജൻ എന്ന മഹാഗുരുവിനെ അറിഞ്ഞുതുടങ്ങിയത് അവിടെ നിന്നായിരുന്നു. റെക്കാർഡിംഗ് കഴിഞ്ഞു. സത്യൻ അന്തിക്കാട് എഴുതിയ,​ 'താരകേ... മിഴിയിതളിൽ കണ്ണീരുമായി..." ആയിരുന്നു ആദ്യത്തെ പാട്ട്.

റെക്കാർഡിംഗ് കഴിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്റർ രവീന്ദ്രന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു: 'നിനക്ക് ഭാവിയുണ്ട്; നന്നായി വരും."

രവീന്ദ്രന്റെ കണ്ണുകൾ നനഞ്ഞു. താൻ ക്ഷണിച്ച ആരും വന്നില്ല. വരരുത് എന്ന് ആഗ്രഹിക്കുകയും,​ വരില്ലെന്ന് കരുതുകയും ചെയ്തയാൾ മാത്രം തന്നെ അനുഗ്രഹിക്കാനെത്തി! ഈ മനുഷ്യനെയാണോ തലേന്നുവരെ മനസുകൊണ്ട് വെറുത്തിരുന്നത്?​

ഇനി,​ ആ നീരസത്തിനു പിന്നിലെ കഥ. ഗായകനാകാനുള്ള ആഗ്രഹവുമായി കുളത്തൂപ്പുഴ രവീന്ദ്രൻ മദിരാശിയിൽ അലഞ്ഞുനടന്ന കാലം. ദേവരാജൻ മാസ്റ്റർക്കാണ് കൂടുതൽ സിനിമയും കൂടുതൽ പാട്ടുകളും. യേശുദാസും പി. ജയചന്ദ്രനുമാണ് സ്ഥിരം ഗായകർ. അവസരം തേടിയെത്തുന്നവരെ തൃപ്തിപ്പെട്ടാൽ കോറസ് പാടാൻ സമ്മതിച്ചാലായി.

പല തവണ ചെന്നു കണ്ടപ്പോൾ,​ 'ആരോമലുണ്ണി" എന്ന ചിത്രത്തിൽ കുരങ്ങനെ കളിപ്പിക്കുന്ന വേഷക്കാരൻ പാടുന്ന നാലുവരി പാടാൻ രവീന്ദ്രന് അവസരം കൊടുത്തു. സ്റ്റുഡിയോയിൽ ട്രയൽ പാടിയതു കേട്ട് ദേവരാജൻ മാസ്റ്ററുടെ നെറ്രി ചുളിഞ്ഞു: 'ഇങ്ങനെ പാടാനാണോ ഞാൻ പറഞ്ഞത്?"

രവീന്ദ്രന്റെ മറുപടി: 'എന്റെ ആദ്യത്തെ പാട്ടല്ലേ മാഷേ... ‍ഞാൻ കുറച്ച് ബ്രിഹ ചേർത്തു പാടിയതാ." കർണാടക സംഗീതത്തിലെ ഒരു ഗമക പദ്ധതിയാണ് ബ്രിഹ. മാഷ് നിന്നു വിറച്ചു: 'ബ്രിഹ ചേർക്കാൻ എനിക്ക് അറിയാത്തതുകൊണ്ടല്ല ചേർക്കാഞ്ഞത്. അത് കുരങ്ങനെ കളിപ്പിക്കുന്നവന്റെ പാട്ടാ... അവൻ സംഗീതജ്ഞനല്ല. അവന് ബ്രിഹ വേണ്ട!" അങ്ങനെ,​ ഒരു 'ബ്രിഹ"യിൽ തുടങ്ങിയ ഇഷ്ടക്കേട് കുളത്തൂപ്പുഴ രവിയുടെ മനസിൽക്കിടന്ന് വളരുകയായിരുന്നു. അതാണ് 'ചൂള"യുടെ റെക്കാർഡിംഗ് വേളയിൽ ഒറ്റനിമിഷംകൊണ്ട് ഉരുകിത്തീർന്നത്. ദേവരാജൻ മാസ്റ്ററുടെ ശബ്ദത്തിലെ കാർക്കശ്യത്തിനു പിന്നിലെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആർദ്രത രവീന്ദ്രൻ അന്ന് തിരിച്ചറിയുകയായിരുന്നു.

നിറഞ്ഞുനിന്ന നാടക കാലം

അടുത്തറിഞ്ഞാലേ ദേവരാജൻ മാസ്റ്ററുടെ മനസറിയാൻ ആകുമായിരുന്നുള്ളൂ. മലയാള ലളിതഗാനങ്ങളുടെയും നാടക,​ സിനിമാ ഗാനങ്ങളുടെയും ജാതകം മാറ്റിമറിച്ച സംഗീതകാരൻ. ഒഎൻ.വി- ദേവരാജൻ കൂട്ടുകെട്ടിലൂടെ മലയാളിയുടെ രാഷ്ട്രീയ ചിന്തകളെ ആഴത്തിൽ സ്വാധീനിച്ച സംഗീത മാന്ത്രികൻ. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ജനം നെഞ്ചിലേറ്റിയതിന് പ്രധാന കാരണം ഒ.എൻ.വിയും ദേവരാജനും ചേർന്നൊരുക്കിയ അതിലെ പാട്ടുകളായിരുന്നു.

കെ.പി.എ.സി, പ്രതിഭാ തിയറ്റേഴ്സ്, കേരള തിയറ്റേഴ്സ്, ശകുന്തള തിയറ്റേഴ്സ്, കായംകുളം സംസ്കാര, ആലപ്പുഴ മലയാള കലാഭവൻ എന്നിവയിൽ തുടങ്ങി തിരുവനന്തപുരം സംഘചേതന വരെയുള്ള നാടകസംഘങ്ങൾക്കു വേണ്ടി ചിട്ടപ്പെടുത്തിയ പാട്ടുകളിലൂടെ അരങ്ങുകളുടെ ജനപ്രിയ സംഗീതകാരനായി മാറിയതിനു ശേഷം,​ സിനിമയിലും ചരിത്രമെഴുതിയതിനു ശേഷമാണ് അദ്ദേഹം കാളിദാസ കലാകേന്ദ്രത്തിന് തുടക്കമിട്ടത്. അടുത്ത സുഹൃത്തുക്കളായ വേലപ്പൻ നായർ, ഒ.എൻ.വി, ഒ. മാധവൻ എന്നിവരായിരുന്നു ഒപ്പം. വൈക്കം ചന്ദ്രശേഖരൻ നായർ എന്ന പ്രതിഭാധനനായിരുന്നു,​ രംഗഭാഷയ്ക്കു പിന്നിൽ.

1957- ൽ ശിപായി ലഹളയുടെ (ആദ്യ സ്വാതന്ത്ര്യസമരം ) നൂറാം വാർഷികത്തിന്, കേരളത്തിലെ അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണിച്ചത് രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിനെ ആയിരുന്നു. വി.ജെ.ടി ഹാളിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അതിൽ പാടാൻ ഒരു സംഘഗാനം വേണം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടെ സമരത്തിന്റെ ധീരഗാഥ ഓർമ്മിപ്പിക്കുന്ന ഗാനം. വയലാറിന്റെ വരികൾക്ക് ദേവരാജന്റെ സംഗീതം. ഇരുപത്തിയഞ്ചു പേർ ചേർന്നായിരുന്നു ആലാപനം. വയലാർ - ദേവരാജൻ ടീം മലയാളിക്ക് മറക്കാനാകാത്ത ഗാനങ്ങളുടെ ശില്പഗോപുരം തുറന്നു കൊടുക്കുകയായിരുന്നു.


'ബലികുടീരങ്ങളേ..." എന്ന പാട്ടിന് അധികമാർക്കും അറിയാത്ത മറ്റൊരു കഥ കൂടിയുണ്ട്. വി.ജെ.ടി ഹാളിൽ അന്നവതരിപ്പിച്ച ഗാനത്തിലെ ഒരു വാക്കിൽ ചെറിയൊരു മാറ്റം വരുത്തിയാണ് പിന്നീട്,​ പൊൻകുന്നം വർക്കിയുടെ 'വിശറിക്ക് കാറ്റുവേണ്ട" എന്ന നാടകത്തിലൂടെ (കേരള തിയറ്റേഴ്സ്)​ പുറത്തുവന്നത്. ചെങ്കൊടി എന്നതിനു പകരം പൊൻകൊടി എന്നോ വെൺകൊടി എന്നോ മറ്റോ ആയിരുന്നു ആദ്യം. അത് പിന്നീട് മലയാളത്തിലെ ഏറ്റവും മികച്ച വിപ്ളവഗാനമായിത്തീരുകയും ചെയ്തു.

മലയാളിക്ക് നാടക,​ ലളിത ഗാനങ്ങളിലൂടെ പുതിയ ഗായകരുടെ വസന്തം തീർത്തുകൊടുത്തതും ദേവരാജൻ മാസ്റ്റർ തന്നെ. കെ.എസ്. ജോർജ്,​ സുലോചന, കൊച്ചിൻ അമ്മിണി, സുധർമ്മ, കവിയൂർ രേവമ്മ, കവിയൂർ പൊന്നമ്മ, ചിറയിൻകീഴ് ലളിത, കെ.പി.എ.സി ജോൺസൻ, സദാശിവൻ, പ്രസന്ന, ചന്ദ്രശേഖരൻ, മോളി, മരട് ജോസഫ്, സി.ഒ. ആന്റോ, കെ.ഇ. ശ്രീധരൻ, എ.കെ. സുകുമാരൻ, തൊടുപുഴ ശാന്ത, ഗ്രേസി, സുഭദ്ര,കുന്നംകുളം വർഗീസ്, സരസ്വതി, പള്ളം മേരി, മനോജ്‌, വിനോദ്... അങ്ങനെ നീളുന്നു,​ ഗായകരുടെ നിര. കല്ലറ ഗോപനും ജി. വേണുഗോപാലും മുതൽ പുതുതലമുറയിലെ സുദീപ്കുമാർ, വിധു പ്രതാപ്,​ വിജേഷ് ഗോപാൽ, ഡോ. രശ്മി എന്നിവർ വരെ പാടിയിട്ടുണ്ട്,​ ദേവരാജൻ മാസ്റ്ററുടെ സംഗീത സംവിധായനത്തിൽ! പുതിയ ഗായകർക്ക് മാസ്റ്റർ അവസരം നല്കിയില്ലെന്ന് ചിലരെങ്കിലും പറയുന്നത് വെറുതെയെന്ന് മനസിലാകാൻ,​ അദ്ദേഹം ഈണം പറഞ്ഞുകൊടുത്ത ഗായകരുടെ നിര നോക്കിയാൽ മതി.

മരണമില്ലാത്ത ഋതുരാഗം

രവീന്ദ്രൻ മാസ്റ്ററുടെ ആദ്യ സ്വതന്ത്ര ചിത്രമായ 'ചൂള" പുറത്തിറങ്ങി,​ എത്രയോ വർഷങ്ങൾക്കു ശേഷം,​ രവീന്ദ്രൻ തിരക്കുള്ള സംഗീത സംവിധായകനായി മാറിക്കഴിഞ്ഞ ശേഷം ഒരിക്കൽ മാക്ടയുടെ ഒരു വേദിയിൽ ഇരുവരും കണ്ടുമുട്ടി. മാക്ടയുടെ വിശിഷ്ടാംഗത്വം സ്വീകരിക്കാനെത്തിയതായിരുന്നു മാസ്റ്റർ. ആ കഥ രവീന്ദ്രൻ പറഞ്ഞത് ഇങ്ങനെ:

'കുശലമൊക്കെ ചോദിച്ചിട്ട് മാഷ് ചോദിച്ചു- നീതന്നെയാണോ നിന്റെ പാട്ടൊക്കെ പാടുന്നതെന്ന്! അല്ല; കൂടുതലും പാടുന്നത് ദാസേട്ടനാണ്; അദ്ദേഹം പാടിയാലേ നന്നാക്കൂ എന്നു ഞാൻ പറഞ്ഞപ്പോൾ മാഷ് ചിരിച്ചു. എന്നിട്ട് ഒരു കമന്റും: ഇങ്ങനെ വിചാരിക്കുന്നതാണ് എന്റെയും കുഴപ്പം!" ഗായകനായി അവസരം ചോദിച്ചു ചെന്ന തനിക്ക്,​ കുരങ്ങിനെ കളിപ്പിക്കുന്നയാളുടെ പാട്ടിന് കോറസ് പാടാൻ മാത്രം അവസരം തന്ന ഗുരുവിനെ രവീന്ദ്രൻ കണ്ണടയ്ക്കാതെ നോക്കിനിന്നു! ദേവരാഗ സംഗീതം കേൾക്കാതെ നമ്മുടെ ഒരുദിവസമെങ്കിലും അസ്തമിക്കുന്നുണ്ടോ?​ അതൊരു പുണ്യമാണ്. മലയാളത്തിന്റെ രാഗപുണ്യം.