
ഭഗവത്ഗീതയുടെ സാരാർത്ഥം പകർന്നു നൽകുന്ന കൃതികളാണ് പലപ്പോഴും നമ്മൾ വായിച്ചിട്ടുള്ളത്. ഏതു വിധേനയും എത്രത്തോളം എഴുതിയാലും അനവരതം ഒഴുകുന്ന സാരാംശ ഗ്രന്ഥമാണ് ശ്രീമദ് ഭഗവത്ഗീത. എന്നാൽ ഗീതയുടെ സാരാംശ സാദ്ധ്യതയെ ഉൾക്കൊണ്ടു തന്നെ ഗീതയുടെ ചരിത്ര സാദ്ധ്യതകളെയും, സംഭവങ്ങളെയും, ഗീതയിലൂടെ സമൂഹത്തിൽ വളർന്നു പന്തലിച്ച സാഹിത്യകാര വ്യക്തിത്വങ്ങളെയും അതിലൂടെ അവർക്കുണ്ടായ സാമൂഹികവും ആത്മീയവുമായ ഉന്നതിയെയും 'ശ്രീമദ് ഭഗവത്ഗീതാ പഥം'എന്ന ഗ്രന്ഥത്തിലൂടെ ഡോ. വി. കവിത മുന്നോട്ടു വയ്ക്കുന്നു.
ഗീതയിൽ ഇങ്ങനെയൊരു പഠന സാദ്ധ്യതയുടെ അനിവാര്യത ഈ ഗ്രന്ഥം വായിച്ചപ്പോഴാണ് മനസിലാക്കാൻ കഴിയുന്നത്. അതിനായി ഡോ. കവിത നടന്ന വഴികളും താലോലിച്ച ചിന്തകളും ഗ്രന്ഥത്തിലെ ഓരോ അദ്ധ്യായത്തിലും തെളിഞ്ഞു നിൽക്കുന്നു. ഗീതയുടെ വൈദേശിക വ്യാഖ്യാനങ്ങളും വിദേശികളെ ഗീത സ്വാധീനിച്ച വഴികളും ഗ്രന്ഥകാരി വിവരിക്കുമ്പോൾ ഗീത രചിക്കപ്പെട്ട മണ്ണിൽ ജനിച്ചതിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനം തോന്നും. ഗീത ഉണർത്തിയ ദ്വൈതവും അദ്വൈതവുമായ ആശയനൈപുണ്യം ഈ ഗ്രന്ഥത്തിലൂടെ ഡോ. കവിത വിശകലനം ചെയ്യുന്നു.
മതത്തിന്റെ അതിർവരമ്പുകളിൽ തളച്ചിടാൻ കഴിയാത്ത മഹദ്ഗ്രന്ഥമായി ശ്രീമദ് ഭഗവത്ഗീത എക്കാലത്തും നിലനിൽക്കുമ്പോൾ, അതിന്റെ ചുവടുപിടിച്ച് ഡോ. വി. കവിത 'ശ്രീമദ് ഭഗവത്ഗീതാ പഥ"ത്തിലൂടെ നമ്മളെയും സൂക്ഷ്മതയോടെ കൈപിടിച്ച് നടത്തിക്കുന്നു. ഡോ. വി. കവിതയുടെ ഈ ഉദ്യമം തികച്ചും ധന്യം തന്നെയാണ്.