ponnamma-babu

ഫാമിലിയാണ് തന്റെ അഹങ്കാരമെന്ന് നടി പൊന്നമ്മ ബാബു. എല്ലാ കാര്യങ്ങളും മക്കളോട് പറയാറുണ്ട്. മമ്മി ആരുടെ മുന്നിലും തലകുനിക്കാൻ പാടില്ലെന്നാണ് മക്കൾ തന്നോട് പറയാറെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

താര സംഘടന അമ്മ എപ്പോഴും സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുക്കാറുണ്ടെന്നും എന്നാൽ ആരും സംസാരിക്കാറില്ലെന്നും നടി വ്യക്തമാക്കി. സിനിമ ഇല്ലാതാകുമോ എന്നൊക്കെ പേടിച്ചിട്ടായിരിക്കാം ആരും ഒന്നും മിണ്ടാതിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.


'എന്റെ സംഘടന എനിക്ക് വലിയൊരു കാര്യമാണ്. ഞാൻ 30 വർഷമായി സിനിമയിൽ വന്നിട്ട്. മുപ്പത് വർഷമായി അമ്മയിൽ അംഗമാണ്. എന്റെ അമ്മയെപ്പോലെയാണ് എനിക്ക് സംഘടന. ആ സംഘടയുടെ നേരെ ആരോപണങ്ങൾ വന്നപ്പോഴും ഞാൻ എല്ലാവരെയും സംരക്ഷിച്ചുകൊണ്ടാണ് സംസാരിച്ചത്. സ്ത്രീകൾ വന്ന് ഓരോ പരാതികൾ പറയുമ്പോഴും ഞാൻ പറഞ്ഞത് അന്ന് പറയണ്ടേ, കുറേക്കാലം കഴിഞ്ഞല്ലല്ലോ പറയേണ്ടതെന്നാണ്. അന്ന് മറുപടി കൊടുക്കണം. അവരെ നശിപ്പിക്കാനായി കൊല്ലങ്ങൾ കഴിഞ്ഞ് വന്നിട്ടല്ലല്ലോ പറയേണ്ടത്.

നിയമം പെണ്ണുങ്ങളുടെ കൂടെയുണ്ടെന്ന് വിചാരിച്ചിട്ട്, ദേഷ്യവും വൈരാഗ്യവും തീർത്തുതരാമെന്ന് പറഞ്ഞ് ഇറങ്ങുന്നതുകാണുമ്പോൾ നമുക്ക് സങ്കടം തോന്നുന്നു. അവർ ആ ബലം വച്ചാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യങ്ങൾ വിളിച്ചുപറയുന്നത്. രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെടുന്നു, പിണങ്ങി മാറുമ്പോൾ പുരുഷൻ തെറ്റുകാരനാകുന്നു. ഈയടുത്തകാലത്തായി കാണുന്ന പ്രവണതയാണത്. നിയമം സ്ത്രീയുടെ കൂടെയാണ് നിൽക്കുന്നത്.

സ്ത്രീകൾക്കെതിരെയല്ല ഞാൻ സംസാരിക്കുന്നത്. ഒരു സ്ത്രീ വിഷമിക്കുമ്പോൾ ആ സ്ത്രീയോടൊപ്പം തന്നെ നിൽക്കുന്നയാളാണ്. പക്ഷേ അടുത്തകാലത്ത് കണ്ട പ്രവണതയാണ് പറയുന്നത്. കയറിപ്പിടിക്കുകയോ അല്ലെങ്കിൽ ബലാത്സംഗം ചെയ്യുകയോ ചെയ്‌തെങ്കിൽ അത് തെറ്റ് തന്നെയാണ്. അതല്ലാത്ത കാര്യമാണ് പറയുന്നത്. രണ്ടുപേർ ഇഷ്ടപ്പെട്ട് എന്തെങ്കിലും സംഭവിച്ചാൽ പുരുഷനെ പഴിചാരുന്നതിനെയാണ് പറയുന്നത്.

ഈ നിയമങ്ങൾ സ്ത്രീകൾ ചൂഷണം ചെയ്യുന്നുണ്ടോ? ഇതിൽ ആരാണ് ശരി, ആരാണ് തെറ്റെന്ന് മനസിലാകുന്നില്ല. ചതിക്കപ്പെട്ടവരുമുണ്ട്. പരാതിപ്പെട്ടു, പക്ഷേ ആ പരാതിയുമായി മുന്നോട്ടുപോകാൻ അവരില്ല. അവരെ സംബന്ധിച്ച് കേസൊന്നുമല്ല ലക്ഷ്യം. അവരും വിചാരിക്കണം ആരോപണവിധേയർക്കും ഫാമിലിയുണ്ടെന്ന്.

ഹേമ കമ്മീഷൻ സംഭവം വന്നപ്പോൾ പലരും സിനിമാ നടിമാരെ മോശമായിട്ടാണ് ചിത്രീകരിച്ചത്. നടിമാർ എല്ലാമങ്ങനെയല്ലെന്ന് പറയാനായിരുന്നു ഞാൻ ഇഷ്ടപ്പെട്ടത്. പ്രസ് മീറ്റ് കൊടുക്കാമെന്ന് കരുതി. ആ സമയത്ത് ഞാൻ കുറച്ചുപേരെ വിളിച്ചു. അവരാരും തയ്യാറായില്ല, അവർ എന്നോട് പറഞ്ഞ വർത്തമാനം വേറെയായിരുന്നു. അത് എന്നെ വളരെയധികം വേദനിപ്പിച്ചു.പക്ഷേ അവരാരും വന്നില്ല.'- പൊന്നമ്മ ബാബു പറഞ്ഞു.