cm

തിരുവനന്തപുരം: വിമാനത്തിനുളളിൽ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് കേന്ദ്രം. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്നും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. 2022 ജൂൺ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുൻ എംഎൽഎ കെ എസ് ശബരിനാഥൻ ഉൾപ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ 6 ഇ- 7407 വിമാനത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർകെ നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ എസ് ശബരിനാഥനെയും പ്രതിചേർത്തിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തെന്നായിരുന്നു കുറ്റം.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തെന്നായിരുന്നു പൊലിസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തിൽ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്. പ്രത്യേകസംഘം അന്വേഷണം നടത്തിയാണ് പ്രോസിക്യൂഷൻ അനുമതിക്കായി കുറ്റപത്രം സർക്കാരിന് നൽകിയത്. വ്യോമയാന നിയമമുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറിയിരുന്നു.

കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തിനാൽ മൂന്ന് വ‍ർഷമായി മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കുറ്റപത്രം സമ‍ർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അനുമതിക്കായി നിരവധി പ്രാവശ്യം സംസ്ഥാനം കത്തു നൽകിയിരുന്നു. ഒടുവിൽ രണ്ടാഴ്ച മുമ്പ് അനുമതി നിഷേധിച്ച് കേന്ദ്രം മറുപടി നൽകുകയായിരുന്നു.