
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നായയുടെ പേരിൽ ആധാർകാർഡ് . ഗ്വാളിയോറിലെ ദാബ്രയിലാണ് വിചിത്ര സംഭവം. നായയുടെ പേരും ചിത്രവും അടങ്ങിയ ആധാറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പിതാവിന്റെ പേര്, ജനനത്തീയതി എന്നിവയും ഉണ്ട്. ടോമി ജയ്‌സ്വാൾ എന്ന നായ കൈലാഷ് ജയ്‌സ്വാളിന്റെ മകനാണെന്നും 2010 ഡിസംബർ 25 ജനനത്തീയതിയും നാഗർ പാലികയിലെ വാർഡ് നമ്പർ ഒന്ന് സിമരിയ താൽ എന്നാണ് വിലാസമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം വൈറലായതോടെ നായയുടെ ആധാർ കാർഡ് വ്യാജമാണെന്ന് അധികൃതർ കണ്ടെത്തി. കളക്ടർ രുചിക ചൗഹാന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ പോർട്ടൽ പരിശോധിച്ച ശേഷം അത്തരമൊരു ആധാർ രേഖ നിലവിലില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് ആധാർ കാർഡ് ഉദ്യോഗസ്ഥർ അസാധുവാക്കി.
ഇത്തരം വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി വിതരണം ചെയ്യുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കാനും കളക്ടർ രുചിക ചൗഹാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇങ്ങനെയുള്ള തിരിച്ചറിയൽ രേഖകൾ അസാധുവാക്കിയെങ്കിലും ഈ രീതിയിൽ ആധാർ കാർഡുകൾ നിർമ്മിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം പരിശോധനയിലാണ്.