
വീട് ഏറ്റവും ഭംഗിയുള്ളതാക്കാനാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. വീടിന്റെ വലിപ്പത്തിനും മുറികളുടെ എണ്ണത്തിനും പുറമെ വീട്ടുപകരണങ്ങളുടെ ആകൃതി, നിറം, പാറ്റേൺ തുടങ്ങി ഓരോ ചെറിയ കാര്യങ്ങളിലും സൂക്ഷ്മത പുലർത്താൻ അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ, ഇന്റീരിയർ ഡിസൈനിംഗിന് വലിയ പ്രാധാന്യം നൽകിയാണ് ഇന്ന് പലരും വീട് നിർമ്മിക്കുന്നത്. അതായത്, ഇന്റീരിയർ ഡിസൈനിംഗിന് വലിയ മാർക്കറ്റ് വാല്യു ഉള്ള കാലഘട്ടമാണിപ്പോൾ.
ആരാധകർ വളരെ കൗതുകത്തോടെ നോക്കുന്ന ബോളിവുഡ് താരങ്ങളുടെ ആഡംബര ഭവനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനർമാരാണ്. അവരുടെ വീടിന്റെ ഓരോ മുക്കും മൂലയും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. എല്ലായിടത്തും വളരെ സ്വകാര്യവും വ്യത്യസ്തവുമായ ഒരു ശൈലിയും അഭിരുചിയും കാത്തുസൂക്ഷിക്കാൻ ബോളിവുഡ് താരങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
പലപ്പോഴും ബോളിവുഡിലെ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ആഡംബര ഭവനങ്ങളുടെ രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനർമാരാണ് ഗൗരി ഖാനും സുസ്സാൻ ഖാനും. ഒരോ രൂപകൽപ്പനയ്ക്കും വൻ തുകയാണ് ഇവർ പ്രതിഫലം വാങ്ങുന്നത്. സൂപ്പർതാരം ഷാരൂഖ് ഖാന്റെ ജീവിതപങ്കാളിയാണ് ഗൗരി ഖാൻ, സൂസൻ ഖാൻ ഹൃതിക് റോഷന്റെ മുൻഭാര്യയാണ്.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂസൻ ഖാൻ തന്റെ ബിസിനസ്സിനെക്കുറിച്ചും ഇന്റീരിയർ ഡിസൈനിംഗിന് താൻ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചും തുറന്ന് പറയുന്നുണ്ട്. ' മുംബയിലെ 1500 അടി വിസ്തീർണ്ണമുള്ള ഒരു ആഡംബര കെട്ടിടത്തിന്റെ ഇന്റീരിയർ ഡിസൈനിംഗിന് മാത്രം 20 മുതൽ 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് സുസ്സാൻ ഖാൻ പറയുന്നത്.
അതേ സമയം ഗൗരി ഖാൻ തന്റെ ഫീസ് വെളിപ്പെടുത്തിയിട്ടില്ല. ഗൗരിയുടെ അടിസ്ഥാന കൺസൾട്ടേഷൻ ഫീസ് 5 ലക്ഷം രൂപയാണ്. പ്രൊജക്ടിന്റെ വ്യാപ്തിയും സങ്കീർണ്ണതയും അനുസരിച്ച് 30 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ ഗൗരി പ്രതിഫലം വാങ്ങാറുണ്ടെന്ന് പറയപ്പെടുന്നു.
ആഡംബര വില്ല പദ്ധതികൾക്ക് 3 കോടി മുതൽ 10 കോടി രൂപ വരെ വിലവരും. മറുവശത്ത്, വാണിജ്യ പദ്ധതികൾക്ക് 50 ലക്ഷം മുതൽ 20 കോടി രൂപ വരെ വിലവരും. കൂടാതെ, ഗൗരി ഖാൻ 5 ലക്ഷം രൂപ വരെ വിലയുള്ള കസ്റ്റമൈസ്ഡ‌് ഫർണിച്ചറുകളും ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പദ്ധതിയുടെ വലുപ്പം, ഉപയോഗിച്ച വസ്തുക്കൾ, ഉൾപ്പെട്ടിരിക്കുന്ന ഇഷ്ടാനുസൃതമായ വസ്തുക്കളുടെ നിലവാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഈ കണക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. ഗൗരി ഖാന്റെ ടീം ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.