nethaji

(നേതാജി സുഭാഷ് ചന്ദ്രബോസ്: കഴിഞ്ഞ ലക്കത്തിൽ നിന്ന് തുടർച്ച)​

പുഴ, അതിന്റെ ഒഴുക്കടയാളങ്ങളേതും ബാക്കിവയ്ക്കാതെ,​ പാതിവഴിയിൽ പൊടുന്നനെ ഒരു മണൽഗുഹയിലേക്ക് മായുന്നതു പോലെയായിരുന്നു, ആ 'തിരോധാനം!" സുഭാഷ് ചന്ദ്രബോസിനും അറിയുമായിരുന്നുവോ, അത്? അല്ലെങ്കിൽ, നാല്പതു പോലും തികയാത്ത പ്രായത്തിൽ ഒരാൾ ആത്മകഥയെഴുതാനിരിക്കുമോ? ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും അതിന്റെ രാഷ്ട്രീയത്തിലും ഉരുകിത്തിളച്ചുനിന്ന ഒരുകാലത്തെ മുഴുവനായും മാറ്റിവച്ച്,​ ഇരുപത്തിനാലാം വയസിൽ തീരുന്ന വിദ്യാഭ്യാസ വർഷങ്ങളുടെ ആഖ്യാനം മാത്രമായി ബോസിന്റെ 'ആൻ ഇന്ത്യൻ പിൽഗ്രിം" 124 പേജുകളിൽ അവസാനിക്കാനെന്ത്?​

'ആൻ ഇന്ത്യൻ പിൽഗ്രിം?"

1932-ൽ സത്യഗ്രഹത്തിന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് മദിരാശി ജയിലിലാക്കിയ ബോസിനെ,​ തടവുകാലം സമ്മാനിച്ച ക്ഷയരോഗവുമായി അടുത്ത വർഷം മോചിപ്പിക്കുമ്പോൾ ഒരു ഉപാധി: ബോസ് ആവശ്യപ്പെട്ടതുപോലെ നല്ല ചികിത്സയ്ക്ക് യൂറോപ്പിലേക്ക് അയയ്ക്കാം; പക്ഷേ,​ മോചനത്തിന്റെ അതേനിമിഷം ഇന്ത്യ വിടണം! മദിരാശിയിൽ മോചിപ്പിച്ചാൽ യൂറോപ്യൻ യാത്രയ്ക്കായി ബോസ് കുറച്ചുദിവസമെങ്കിലും നാട്ടിൽ തങ്ങിയേക്കുമെന്ന് ഭയമുണ്ടായിരുന്ന ബ്രിട്ടീഷ് സർക്കാർ ആ അപകടം ഒഴിവാക്കാൻ ചെയ്തത്,​ അദ്ദേഹത്തെ മുംബയിൽ എത്തിക്കുകയാണ്! നാടുകടത്തൽ വിയന്നയിലേക്ക് (ഓസ്ട്രിയയുടെ തലസ്ഥാന നഗരം). കപ്പൽ തീരം വിട്ടിട്ടേ മദിരാശി പൊലീസ് മടങ്ങിയുള്ളൂ.

വിയന്നയിലും ജനീവയിലും, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് പിന്തുണ സ്വരൂപിക്കാൻ ബ്രിട്ടീഷ് വിരുദ്ധ ശക്തികളുമായി സൗഹൃദം നട്ടുനനയ്ക്കുന്നതിനിടെ രണ്ടുകാര്യങ്ങൾ കൂടി നടന്നു: ചികിത്സയും ആത്മകഥാ രചനയും! ഒന്നുറപ്പാണ്- ആത്മകഥയ്ക്ക് പേരിടുംമുമ്പ് ഒരുപാട് രാത്രികളിൽ ബോസ് അതു മാത്രം ചിന്തിച്ചുകിടന്നിട്ടുണ്ടാകും. ആരാണ് താൻ?​ സ്വാതന്ത്ര്യ മോഹിയായ ദേശസ്നേഹി?​ സംയമനത്തിന്റെ പരീക്ഷണങ്ങളിൽ വിശ്വാസമില്ലാത്ത തീവ്ര സോഷ്യലിസ്റ്റ്?​ പ്രത്യാക്രമണത്തിന് തക്കംപാർത്ത വിപ്ളവകാരി?​ ഒടുവിൽ,​ ആത്മകഥാ കുറിപ്പുകൾക്കു മീതെ പുതിയൊരു കടലാസ് എടുത്തുവച്ച് ബോസ് എഴുതി: 'ഒരു ഇന്ത്യൻ തീർത്ഥാടകൻ- പൂർത്തിയാകാത്ത ആത്മകഥ!" (ആൻ ഇന്ത്യൻ പിൽഗ്രിം- ആൻ അൺഫിനിഷ്ഡ് ഓട്ടോബയോഗ്രഫി)​.

പത്ത് അദ്ധ്യായങ്ങൾ. കൽക്കട്ടയിലെ സ്കൂളും പ്രസിഡൻസി കോളേജും ഇംഗ്ളണ്ടിലെ കേംബ്രിജ് കാലവും ഐ.സി.എസ് വലിച്ചെറിഞ്ഞ് ഇന്ത്യയിലേക്കുള്ള മടക്കവും ചേർന്നപ്പോൾ ഒമ്പത് അദ്ധ്യായം തീർന്നു. അതുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു അവസാന അദ്ധ്യായം: 'എന്റെ വിശ്വാസം" (മൈ ഫെയിത്ത്)​. ബോസിന്റെ മനസിൽ സത്യാന്വേഷണവും,​ തൃഷ്ണകളുടെ യൗവനാനുഭൂതികളിലൂടെയുള്ള അഗ്നിസഞ്ചാരവും തമ്മിലുള്ള സംഘർഷം നേരത്തേ തുടങ്ങിയിരുന്നു.

ഒളിക്കാത്ത ഓർമ്മ

ആത്മകഥയുടെ ആറാം അദ്ധ്യായത്തിൽത്തന്നെ ബോസ് ഒളിച്ചുപിടിക്കാതെ എഴുതി: 'സ്ത്രീശരീരവും സ്വർണവുമാണ് (ലൈംഗികതയും ധനവും)​ ആത്മീയപാതയിലെ രണ്ട് മഹാതടസങ്ങളെന്ന് ശ്രീരാമകൃഷ്ണ പരമഹംസർ പറയുമായിരുന്നതിനെ ഒരിക്കൽ ഞാൻ വേദവാക്യമായെടുത്തു. പക്ഷേ,​ ശരീരതൃഷ്ണകളെ അടക്കിപ്പിടിക്കുവാൻ എത്ര ബദ്ധപ്പെടുന്നുവോ,​ അത് അത്രതന്നെ ബലാത്കാരമായി അതിന്റെ ശിരസ് ഉയർത്തിപ്പിടിക്കുമെന്ന് യഥാർത്ഥ അനുഭവത്തിൽ ഞാൻ തിരിച്ചറിഞ്ഞു; ഒരുപക്ഷേ,​ എന്റെ ശ്രമങ്ങളുടെ ആദ്യഘട്ടങ്ങളിലെങ്കിലും...! ലൈംഗികത എത്രമേൽ നൈസർഗികമാണോ,​ അത്രതന്നെ വിശുദ്ധവുമാണെന്ന് പലപ്പോഴും തോന്നി..."

1938-ൽ,​ കോൺഗ്രസിന്റെ ഹരിപുര (ഗുജറാത്ത്)​ സമ്മേളനത്തിലായിരുന്നു,​ സംഘടനാ പ്രസിഡന്റായി ബോസിന്റെ ഒന്നാമൂഴം. ബോസിന്റെ സോഷ്യലിസ്റ്റ് പ്രണയത്തോടുള്ള ഗാന്ധിയുടെ വൈരാഗ്യമത്രയും പുറത്തുവന്നത് തൊട്ടടുത്ത വർഷം (1939 ജനുവരി)​ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ. ഗാന്ധി എതിർക്കുമെന്ന് അറിഞ്ഞുതന്നെ സുഭാഷ് ചന്ദ്ര ബോസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. നെഹ്രു ഒഴിയുകയും,​ തനിക്കു പകരം മൗലാനാ ആസാദിന്റെ പേര് നിർദ്ദേശിക്കുകയും ചെയ്തെങ്കിലും,​ അദ്ദേഹവും പിൻവാങ്ങിയതോടെ ഗാന്ധിയുടെ താത്പര്യത്തിൽ പുതിയൊരു പേര് ഉയർന്നുവന്നു: ആന്ധ്രയിൽ നിന്നുള്ള ഡോ. പട്ടാഭി സീതാരാമയ്യ. തിരഞ്ഞെടുക്കപ്പെടുമെന്ന് ഒരു തീർച്ചയുമില്ലാതിരുന്ന ബോസിനു മുന്നിലേക്ക് ഫലമെഴുതിയ കടലാസ് ആരോ നീക്കിവച്ചു: 203 വോട്ടിന്റെ നേർത്ത ഭൂരിപക്ഷത്തിൽ ജയം.

വർക്കിംഗ് കമ്മിറ്റിയിൽ ആ തിരഞ്ഞെടുപ്പ് ഫലത്തോട് ഗാന്ധിയുടെ പ്രതികരണം: 'നിങ്ങൾ പരാജയപ്പെടുത്തിയത് പട്ടാഭി സീതാരാമയ്യയെ ആയിരിക്കാം. പക്ഷേ,​ യഥാർത്ഥത്തിൽ തോറ്റുപോയത് ഞാനാണ്!"

പരാജിതന്റെ ക്ഷോഭവും നിരാശയും പ്രതികാരബുദ്ധിയുമെല്ലാം ചേർന്ന് ഭാരമേറ്രിയ ശിരസുമായി കുറേനേരം മുഖം കുനിച്ചിരുന്ന ഗാന്ധി ഒടുവിൽ നിവർന്നിരുന്നത് ഇങ്ങനെ: 'ബോസിന് അദ്ദേഹത്തിന്റെ സ്വന്തം അവകാശത്തിൽ പ്രസിഡന്റാകാം. പക്ഷേ,​ സ്വന്തം നിലയ്ക്ക് പ്രവർത്തക സമിതിയെ നിശ്ചയിക്കുകയും,​ കോൺഗ്രസിനെ നയിക്കുകയും വേണം!"

ഒരു വിഗ്രഹം വീണുടയുന്നു

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബോസിനെ നീക്കംചെയ്യാൻ ഗാന്ധിക്ക് കഴിയാതിരുന്നത്,​ കോൺഗ്രസ് ഭരണഘടന

അതിന് അനുവദിക്കാതിരുന്നതുകൊണ്ടു മാത്രം. എങ്കിലും അവർ രണ്ടുപേരും കാത്തിരുന്നു. 1939 മാർച്ചിലായിരുന്നു ജബൽപൂരിനടത്ത് ത്രിപുരിയിൽ സംഘടനയുടെ വാർഷിക സമ്മേളനം. അതിനു തൊട്ടുമുമ്പ് വാർധയിൽ വർക്കിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം. തിരഞ്ഞെടുപ്പിനു ശേഷം മാനസിക സംഘർഷത്താൽ മുറിവേറ്റ മനസും,​ അതു താങ്ങാനാകാത്ത ശരീരവുമായി കിടക്കയിൽ വീണ ബോസ് ഗാന്ധിക്ക് ഒരു ടെലിഗ്രാം അയച്ചു: 'ഞാൻ രോഗശയ്യയിലാണ്. വർക്കിംഗ് കമ്മിറ്റി നീട്ടിവയ്ക്കുക. അല്ലെങ്കിൽ,​ അങ്ങേയ്ക്ക് നിർദ്ദേശിക്കാനുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തി പുതിയ പ്രവർത്തക സമിതി രൂപീകരിച്ച് ത്രിപുരി സമ്മേളനത്തിൽ പാസാക്കുക."

ഗാന്ധി ഒന്നും ചെയ്തില്ല. ത്രിപുരി സമ്മേളനം നീട്ടിവച്ചതുമില്ല. അവശനിലയിൽ,​ സ്ട്രെച്ചറിൽ നാലുപേർ ചേർന്ന് ബോസിനെ എടുത്തുകൊണ്ടു വരവേ വേദിയിലിരുന്ന് ആരോ പറഞ്ഞു: 'ഇയാൾ വെറുതെ അഭിനയിക്കുകയാണോ എന്ന് ആർക്കറിയാം?​ അയാളില്ലാതെ പാർട്ടിയിൽ ഒന്നും നടക്കരുതെന്നാണ് ഉള്ളിലിരിപ്പ്!"

ബോസ് അതു കേട്ടു. എന്നിട്ടും,​ കിടക്കയിൽ താനെ എഴുന്നേറ്റിരുന്ന്,​ വിറയ്ക്കുന്ന വിരലുകൾകൊണ്ട് പേന പിടിച്ച് ഒരു രാജിക്കത്തെഴുതാനുള്ള ആരോഗ്യത്തിന് പിന്നെയും കുറേ ദിവസം വേണ്ടിവന്നു.

ചരിത്രം അപ്പോൾ,​ ലോകഭൂപടത്തിന്മേൽ ഒരു മഹായുദ്ധത്തിന്റെ അടയാളങ്ങൾ വരയ്ക്കുകയായിരുന്നു! പോളണ്ടിനു മേൽ ജർമ്മനിയുടെ അധിനിവേശം (1939 സെപ്തംബർ 01). രണ്ടുദിവസം കഴിഞ്ഞ് ജർമ്മനിക്കു നേരെ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും യുദ്ധ പ്രഖ്യാപനം. ഒരു മിന്നലിൽ ലോകം രണ്ടായി പിളർന്നു. ഗാന്ധിയുടെയും കോൺഗ്രസിന്റെയും വൻകരയിൽ നിന്ന് പിളർന്നുമാറിയിരുന്ന ബോസ്,​ അപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ആയുധത്താൽ തിരക്കഥയെഴുതാൻ മറ്റൊരു ആദർശവും മറ്റൊരു ഭൂമികയും കണ്ടെത്തിയിരുന്നു: സായുധസേന: ഫ്രീ ഇന്ത്യാ ലീജിയൺ (ടൈഗർ ലീജിയൺ). ആസ്ഥാനം: ജർമ്മനി.

എഴുതാതിരുന്ന പരമാർത്ഥങ്ങൾ

മറച്ചുപിടിക്കാതെ എഴുതുവാൻ ഇത്രയൊക്കെ ഉണ്ടായിരുന്നിട്ടാണ്; തെളിച്ചെഴുതുവാനുള്ള മനോബലം ആത്മകഥയിൽ നേരത്തെ പ്രഖ്യാപിച്ചിട്ടാണ്,​ അതിനൊക്കെ മുമ്പേ ബോസ് ആ പത്ത് അദ്ധ്യായങ്ങൾ എഴുതിവച്ച്,​ 'ഒരു ഇന്ത്യൻ തീർത്ഥാടകന്റെ അപൂർണ ആത്മകഥ"യെന്നു പേരിട്ട്,​ ബാക്കിയെല്ലാം മനസിൽ വച്ചത്. 'തീർത്ഥാടകന്റെ ആത്മകഥ" ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1948-ൽ. സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച്,​ പിന്നെയും ഒമ്പതുവർഷം കഴിഞ്ഞ്! എന്നിട്ടും,​ ആ പതിനൊന്നാം അദ്ധ്യായം സംഭവിച്ചില്ല.

ശങ്കരചാര്യർ മുതൽ ഹെഗൽ വരെ (ഫ്രെഡറിക് ഹെഗൽ, ജർമ്മൻ തത്വചിന്തകൻ) തിരഞ്ഞ പൂർണസത്യത്തിന്റെ ആന്തരാർത്ഥം വായിച്ച് ഉറങ്ങാതെകിടന്ന രാത്രികളിലൊന്നിലാകാം,​ ബോസ് ആത്മകഥയിൽ എഴുതിയത്: 'പ്രപഞ്ചം ആത്മീയാനന്ദത്തിന്റെ ആവിഷ്കാരമോ?​ സർവവും പ്രപഞ്ചേശ്വരന്റെ ആനന്ദലീലയോ?​ പിടികിട്ടായ്കകളിൽ നിന്ന് സ്വയം ബോദ്ധ്യമാകുന്ന ഒന്നിലേക്ക് എനിക്ക് ഒരു തീർത്ഥാടകനായി പുറപ്പെടേണ്ടതുണ്ട്!"

1945 ആഗസ്റ്ര് 18.

ഒരു യാത്ര ആരംഭിക്കുകയായിരുന്നു; അവസാനിക്കുകയും! ജപ്പാന്റെ ആ ബോംബ‌ർ വിമാനം റൺവേയിലേക്ക് മൂക്കുകുത്തി,​ രണ്ടായി പിളർന്നു. അഗ്നിശലഭങ്ങൾ അതിനെ പൊതിഞ്ഞു. ഇന്ധനത്തിൽ കുതിർന്ന വസ്ത്രങ്ങളിൽ ചരിത്രത്തിന്റെ അഗ്നി അതിന്റെ ഇരയെ തേടിക്കൊണ്ടിരുന്നു. തീയിൽ നിന്ന് ജീവനോടെ പുറത്തുവന്നത് ഒമ്പതു പേർ. മുജീബുർ റഹ്‌മാൻ പ്രയാസപ്പെട്ട് ബോസിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കാൻ ശ്രമിച്ചു. മേജർ തകാഹാഷി ബോസിനെ റൺവേയ്ക്കപ്പുറത്തെ പുൽപ്പരപ്പിലേക്കു തട്ടിയിട്ട് ഉരുട്ടി,​ തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

തീരെച്ചെറിയൊരു മിലിട്ടറി ഹോസ്‌പിറ്റൽ. അതേ അടുത്തുണ്ടായിരുന്നുള്ളൂ. പൊള്ളിയടർന്നിട്ടും ശ്വാസം മരിക്കാതിരുന്ന ആ ശരീരം പരിശോധിച്ച്,​ മെഡിക്കൽ ഓഫീസർ ഡോ. യോഷിമി കേസ് ഷീറ്റിൽ എഴുതി: അടുത്ത പുലർകാലം വരെ എത്തുമെന്ന് തീരെ പ്രതീക്ഷിക്കുക വയ്യ.

രാത്രി എട്ടുമണി കഴിഞ്ഞു. ആശുപത്രിക്കു പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ബോസിന്റെ കിടക്കയ്ക്കരികിൽ നിന്ന് മാറാതെ നില്പായിരുന്ന ഡോ. യോഷിമി,​ അപ്പോൾ ആരോടും ഒന്നും മിണ്ടാതെ ക്യാബിനിലേക്കു ചെന്ന് ജാപ്പനീസ് ഭാഷയിൽ ഒരു മരണ സർട്ടിഫിക്കറ്റ് എഴുതി. പാതി പൊള്ളിയ മുഖം കുനിച്ചും,​ ഉരുകിക്കരിഞ്ഞ കൈകൾ നെഞ്ചിനു മീതെ ഉയർത്തിയും മുജിബുർ റഹ്‌മാൻ മാത്രം കിടക്കയ്ക്കരികിൽ മുട്ടുകുത്തി നിന്നു.