gold

മലയാളികൾക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ഒന്നാണ് സ്വ‌ർ‌ണം. ഏത് ഒരു പരിപാടിക്കും സ്വർണം നൽകുകയും വാങ്ങുകയും ചെയ്യുന്നു. ഭാവിയിലേക്ക് ഉള്ള ഒരു കരുതൽ കൂടിയാണ് ഇത്. എന്നാൽ സ്വർണം വാങ്ങുമ്പോൾ അത് പിങ്ക് അല്ലെങ്കിൽ മജന്ത നിറത്തിലുള്ള പേപ്പറിൽ പൊതിയുന്നത് കണ്ടിട്ടുണ്ടോ? അത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഉത്തരമാണ് ഇനി പറയാൻ പോകുന്നത്.

പണ്ടുമുതലെ സ്വർണം, വെള്ളി ആഭരണങ്ങൾ പിങ്ക് നിറത്തിലുള്ള പേപ്പറിലാണ് പൊതിയുന്നത്. ആഭരണങ്ങളിലുണ്ടാകുന്ന പോറലുകൾ ഒഴിവാക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. വയ്ക്കുന്ന ബോക്സിലോ മറ്റ് ആഭരണങ്ങളിലോ കൊണ്ട് ഇതിന് പോറൽ സംഭവിക്കാതിരിക്കാനാണ് സ്വർണം പ്രത്യേകം പിങ്ക് നിറത്തിലുള്ള പേപ്പറിൽ വച്ച് പൊതിയുന്നത്. കൂടാതെ പിങ്ക് പേപ്പറിന് അൽപം മെറ്റാലിക് തിളക്കം ഉണ്ട്. അതിനാൽ ആഭരണങ്ങൾ ഇതിന് മുകളിൽ വയ്ക്കുമ്പോൾ ഭംഗി വർദ്ധിപ്പിക്കുന്നു.

പിങ്ക് പേപ്പറിൽ സ്വർണ്ണത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്ന ഒരു ആന്റി-ടാണിഷ് കോട്ടിംഗ് ഉണ്ട്. ഇത് ഈർപ്പം, പൊടി എന്നിവയിൽ നിന്ന് അതിനെ സംരക്ഷിക്കുന്നു. സന്തോഷം, പോസിറ്റീവ് എനർജി എന്നിവയുമായി ബന്ധമുള്ള ഒരു നിറം കൂടിയാണ് പിങ്ക്. കാലക്രമേണ സ്വർണാഭരണങ്ങളിൽ നേരിയ ഇരുണ്ട നിറം പിടിക്കാറുണ്ട്. പിങ്ക് പേപ്പറിൽ പൊതിയുന്നത് ഈ ഓക്‌സിഡേഷൻ പ്രക്രിയ കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.