
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ 10000 യൂണിറ്റ് കാറുകൾ വിറ്റഴിച്ചിരിക്കുകയാണ് ഈ വിദേശ കമ്പനി. ചൈനീസ് കമ്പനിയായ ബിവൈഡിയുടെ ബിവൈഡി ഇന്ത്യ അവരുടെ വിവിധ മോഡലുകളിലുള്ള ഇലക്ട്രിക് കാറുകളുടെ വിൽപ്പന ഇതുവരെ 10000 പിന്നിട്ടു. ഇതോടെ ബിവൈഡിയെ യൂറോപ്പിലെ പോലെ ഇന്ത്യയിലും ജനം ഏറ്റെടുത്തു എന്ന് തെളിഞ്ഞിരിക്കുകയാണ്. ഈയിടെയാണ് ബിവൈഡി ടെസ്‌ലയെ വിൽപനയിൽ യൂറോപ്പിൽ മറികടന്നത്.
അട്ടോ 3,സീൽ, ഇ മാക്‌സ് 7,സീ ലയൺ 7 എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് കാറുകൾ മികച്ച രീതിയിൽ ഇന്ത്യൻ വാഹന വിപണിയ്‌ക്ക് പ്രിയങ്കരമായി മാറിയിരിക്കുകയാണ്.
ഇന്ത്യൻ റോഡുകളിലെ സുഗമമായ പ്രകടനം, ബാറ്ററിയുടെ ഗുണമേന്മ തുടങ്ങിയവയെക്കുറിച്ച് വാഹന ഉപയോക്താക്കൾക്കിടയിൽ മികച്ച അഭിപ്രായമാണുള്ളത്. ഇന്ത്യയിലെ റോഡുകളിലെ ഡ്രൈവിൽ പ്രായോഗിമായവയും ആശ്രയിക്കാൻ കഴിയുന്നവയുമാണ് ബിവൈഡി മോഡലുകൾ.
ബിവൈഡിയുടെ ഓരോ മോഡലും എങ്ങനെയാണ് പ്രകടനം എന്ന് നോക്കാം. ദൈനംദിന ഉപയോഗത്തിൽ വളരെ വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്ന മോഡലാണ് അട്ടോ3,എന്നാൽ വാഹനത്തിന്റെ പെർഫോമൻസിൽ താൽപര്യമുള്ള ഡ്രൈവർമാർക്ക് വേണ്ടിയുള്ളതാണ് സീൽ. ഇമാക്‌സ് 7 മോഡലിലേക്ക് വന്നാൽ, ഒരു കുടുംബത്തിന് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ സ്ഥലവും ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ പരിസ്ഥിതി സൗഹൃദ ഓപ്ഷനുകൾ ആഗ്രഹിക്കുന്നവർക്കുള്ള സീലയൺ 7 മോഡൽ ആഡംബര കാർ റേറ്രിംഗിൽ മുന്നിൽ നിൽക്കുന്നു.
അടുത്തത് അറ്റോ 2
ഇന്ത്യയിൽ ബിവൈഡി പുറത്തിറക്കാൻ ഇരിക്കുന്ന ഏറ്റവും പുതിയ ബ്രാൻഡാണ് അട്ടോ 2.ബ്രാൻഡ് സ്വീകാര്യതയ്‌ക്ക് സഹായിക്കുന്നതിന് ചെറിയൊരു പരീക്ഷണമാകും ഈ കാർ. ഏകദേശം 18 മുതൽ 22 ലക്ഷം വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ഈ വർഷം ഡിസംബറിൽ ഇത് നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒതുക്കത്തിനൊപ്പം മത്സരക്ഷമതയും
ക്രെറ്റ ഇവി, ടാറ്റ കർവ്വ്, മഹീന്ദ്ര ബിഇ 6 തുടങ്ങിയ നിലവിലെ വിപണിയിലെ രാജാക്കന്മാരോട് മത്സരിക്കാൻതന്നെയാണ് ബിവൈഡി അട്ടോ2വിനെ ഒരുക്കുന്നത്. സ്റ്റൈലിംഗ്, ടെക്നോളജി, സ്പെക്ക് ഷീറ്റ് എന്നിവയിൽ ബിവൈഡി ഇന്ത്യ മറ്റ് ബ്രാൻഡുകൾക്ക് ശക്തമായ ഒരു മത്സരം തന്നെ കാഴ്‌ചവയ്‌ക്കാനുള്ള പുറപ്പാടിലാണ്.
വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വായുസഞ്ചാരമുള്ള സീറ്റുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് തുടങ്ങിയ സവിശേഷതകൾ പ്രതീക്ഷിക്കുന്നവയാണ് ബിവൈഡിയുടെ അട്ടോ 2 മോഡലുകൾ. ഇതിന്റെ നീളം ഏകദേശം 4,310 മില്ലിമീറ്ററാണ്, ഇവ കാഴ്ചയിൽ ഒതുക്കമുള്ളവയും സുഖകരമായ സഞ്ചാരാനുഭവം നൽകുന്നതുമാകും
10,000 യൂണിറ്റുകൾ എന്ന നേട്ടം ബിവൈഡിയുടെ വിശ്വാസ്യത രാജ്യത്ത് വർദ്ധിക്കുന്നതിന്റെ തെളിവാണ്. കൂടുതൽ ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ, നഗര സൗഹൃദമായ ഇലക്ട്രിക് വാഹനം വാഗ്ദാനം ചെയ്യാൻ അട്ടോ2വിലൂടെ കഴിയുമോ എന്നതാണ് ഇനി അറിയേണ്ടത്. നിലവിലെ വില കാരണം മടിച്ചുനിൽക്കുന്ന പ്രൊഫഷണലുകളെയും ചെറിയ കുടുംബങ്ങളെയും ഇവിയിലേക്ക് മാറാൻ താൽപര്യമുള്ളവരെ അട്ടോ2യിലൂടെ ബിവൈഡി തങ്ങൾക്കൊപ്പം കൊണ്ടുവരാൻ ശ്രമിക്കുകയാണ്.