ധർമ്മത്തിന്റെയും സംസ്‌കാരത്തിന്റെയും ഉദ്ധാരണത്തിനായി ഭഗവാൻ ഭൂമിയിൽ തിരുവവതാരം ചെയ്ത പുണ്യദിനമാണ് ജന്മാഷ്ടമി അഥവാ ഗോകുലാഷ്ടമി. ഭഗവാന്റെ ദിവ്യചരിതവും ഉപദേശങ്ങളും ജനകോടികളെ ഇന്നും സത്യധർമ്മങ്ങളുടെ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. മോഹനമായ ലീലകളിലൂടെ അവിടുന്ന് ലോകരെ ആനന്ദിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്തു. മനുഷ്യർക്ക് ഈശ്വരനെ ഭാവന ചെയ്യാനും ആരാധിക്കാനും പിന്തുടരാനും മൂർത്തമായ ഒരു സങ്കല്പവും രൂപവും ആവശ്യമാണ്. ഒരു അവതാര പുരുഷനിൽ ലൗകികവും അലൗകികവുമായ ഭാവങ്ങൾ സമ്മേളിക്കുന്നു. അതിലൂടെ ജനങ്ങൾക്ക് അവരോട് ആഴത്തിലുള്ള വ്യക്തിബന്ധം പുലർത്തുവാനും ഒപ്പം അലൗകികമായ ഒരു ഈശ്വരസങ്കല്പത്തെ പിന്തുടരുവാനും കഴിയുന്നു. ശ്രീകൃഷ്ണന്റെ വ്യക്തിത്വം ആരെയും ആകർഷിക്കുന്നതായിരുന്നു. വൃന്ദാവനത്തിലെ ഗോപീഗോപന്മാരെയും മഥുരയിലെയും ദ്വാരകയിലെയും സ്ത്രീപുരുഷന്മാരെയും മാത്രമല്ല കാലദേശങ്ങൾക്ക് അതീതമായിത്തന്നെ അവിടുന്ന് മനുഷ്യഹൃദയങ്ങളെ ആകർഷിക്കുകയും ശുദ്ധീകരിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നു.

മായാത്ത പുഞ്ചിരിയോടെ ജീവിതത്തെ പ്രസാദമധുരമായി സമീപിച്ച അവിടുന്ന് സ്വയം ആനന്ദിക്കുകയും ചുറ്റുമുള്ളവരെ ആനന്ദിപ്പിക്കുകയും ചെയ്തു. കൃഷ്ണ ശബ്ദത്തിന്റെ അർത്ഥം തന്നെ ആകർഷിക്കുന്നവൻ ആനന്ദിപ്പിക്കുന്നവൻ എന്നൊക്കെയാണ്. കംസന്റെ തടവറയിൽ പിറന്നുവീണ നിമിഷം മുതൽ സ്വർഗാരോഹണ നിമിഷം വരെ കണ്ണൻ ചെയ്തതൊക്കെയും ഹൃദയഹാരിയായിരുന്നു. അവയോരോന്നും ജനങ്ങളെ ഉദ്ധരിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തു. കാരണം കണ്ണൻ പതിനാറ് കലകളും തികഞ്ഞ പൂർണ്ണാവതാരമായിരുന്നു.

സർവ്വജ്ഞൻ, സർവ്വ നിയന്താവ്, സത്യനിഷ്ഠൻ, ന്യായവാദി, നീതിവാദി, നിരപേക്ഷൻ, നിസംഗൻ, തപസ്വി, ഉദാരൻ, അജയ്യൻ, സുന്ദരൻ, ദയാലു, ധീരൻ, ക്ഷമി, നൃത്തജ്ഞൻ, സംഗീതജ്ഞൻ എന്നിവയാണ് ആ പതിനാറുകലകൾ. മയിൽപീലിയുടെ സൗന്ദര്യവും വേണുഗാനത്തിന്റെ ഹൃദ്യതയും തുളസിയുടെ വിശുദ്ധിയും ഒത്തുചേർന്നതായിരുന്നു അവിടുത്തെ ജീവിതം. ആ ജീവിതം വേദാന്ത തത്വങ്ങളുങ്ങളുടെയും കാലോചിതമായ ധർമ്മത്തിന്റെയും വ്യാഖ്യാനമായിരുന്നു.


കൃഷ്ണനുമായുള്ള സമ്പർക്കം തന്നെ ഏവർക്കും യോഗമായിത്തീർന്നു. ജനഹൃദയങ്ങളിൽ നിഷ്‌കളങ്ക പ്രേമം ഉണർത്തുക എന്നതാണ് ശ്രീകൃഷ്ണൻ നിർവഹിച്ച ഏറ്റവും വലിയ ദൗത്യം. ശ്രീകൃഷ്ണന്റെ വേണുഗാനം ലോകപ്രസിദ്ധമാണല്ലോ. മനുഷ്യരും മൃഗങ്ങളും മാത്രമല്ല സർവ്വ ചരാചരങ്ങളും ആ മുരളീ ഗാനത്താൽ ആകർഷിക്കപ്പെട്ടു. പ്രേമ ഭക്തിയിലൂടെ ജീവന്റെ അഹന്ത നശിച്ചു ഓടക്കുഴൽ പോലെ പൊള്ളയാകുമ്പോൾ ഒരു ജീവനിൽ നിന്നും ഉയരുന്ന ഓങ്കാരം തന്നെയാണ് അവിടുത്തെ ഈ വേണുനാദം.

മനുഷ്യാവതാരം എന്ന് പ്രസിദ്ധി നേടിയ രാമാവതാരത്തിൽ നിന്ന് വ്യത്യസ്തമായി ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഈശ്വരീയമായ മഹിമയെ കുറേക്കൂടി സ്പഷ്ടമായി ലോകത്തിനു മുമ്പിൽ പ്രകാശിപ്പിച്ചു. 'ഞാൻ സകല ജീവികളുടെയും ഹൃദയഗുഹയിൽ നിലകൊള്ളുന്ന ആത്മാവാകുന്നു. ക്ഷരാക്ഷരങ്ങളെ അതിക്രമിച്ചു നില്ക്കുന്ന പരമാത്മാവായ ഞാൻ പുരുഷോത്തമൻ എന്ന പേരിൽ ലോകത്തിലും വേദങ്ങളിലും പ്രസിദ്ധനാണ് എന്നിങ്ങനെ പലപ്രകാരത്തിൽ സ്വമഹിമയെ ശ്രീകൃഷ്ണൻ വിളംബരം ചെയ്യുന്നത് നമുക്ക് കാണാം. നമ്മുടെ മനസിന്റെ കവാടങ്ങൾ അലസത കൊണ്ടും സ്വാർത്ഥത കൊണ്ടും അഹന്ത കൊണ്ടും കൊട്ടിയടയ്ക്കാതെ ഭഗവദ്‌പ്രേമ രശ്മികളെ നമുക്ക് ഹൃദയത്തിൽ ഏറ്റുവാങ്ങാം.