snake

ബംഗളൂരു: ചെരുപ്പിനുള്ളിൽ കിടന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗളൂരുവിലെ ബന്നാർഘട്ടയിൽ കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടന്നത്. ടാറ്റ കൺസൾട്ടൻസി സർവീസിലെ ജീവനക്കാരനായ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ക്ലോഗ് മോഡൽ ചെരുപ്പാണ് മഞ്ജു ഉപയോഗിച്ചിരുന്നത്. അണലിക്കുഞ്ഞാണ് ഈ ചെരിപ്പുനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ബന്നാർഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം പാമ്പുകടിയേറ്റത് തന്നെയാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. ഉച്ചയ്ക്ക് 12.45ഓടെയാണ് ബന്നാർഘട്ട കംഗനാഥ ലേട്ടിലെ വീട്ടിൽ നിന്ന് കരിമ്പിൻ ജ്യൂസ് വാങ്ങാനാണ് മഞ്ജുപ്രകാശ് ചെരിപ്പിട്ട് പുറത്തുപോയത്. ചെരുപ്പ് വീടിന് പുറത്തുകിടക്കുകയായിരുന്നു. ഏറെസമയം ചെരിപ്പിട്ട് നടന്നിട്ടും കടിയേറ്റിട്ടും ഇക്കാര്യം മഞ്ജുപ്രകാശ് അറിഞ്ഞിരുന്നില്ല. അമ്മയ്ക്ക് വാങ്ങിയ ജ്യൂസ് സഹോദരന്റെ ഭാര്യയെ ഏൽപ്പിച്ചശേഷം ഉറങ്ങാൻ കിടന്ന മഞ്ജു പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പുറത്ത് അഴിച്ചിട്ടിരിക്കുന്ന ചെരിപ്പിനുള്ളിൽ പാമ്പ് ചത്തുക്കിടക്കുന്നത് വീട്ടിൽ ജോലിക്കെത്തിയ ഒരാളാണ് കണ്ടത്. പിന്നാലെ മഞ്ജുവിന്റെ റൂമിലെത്തിയമ്പോൾ മൂക്കിൽ നിന്ന് ചേരയും വായിൽ നിന്ന് നുരയും വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 2016ൽ ബസ് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മഞ്ജുപ്രകാശിന്റെ കാലിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിനുശേഷം ഈ കാലിൽ സ്‌പർശനശേഷി കുറഞ്ഞു. ഈ കാലിലാണ് പാമ്പ് കയറിയ ചെരിപ്പ് ധരിച്ചത്. ഇതാവാം അണലിയുടെ കടിയേറ്റിട്ടും അറിയാതെ പോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മഞ്ജുവിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.