astro

ഗൃഹവുമായി ബന്ധപ്പെട്ട് ഗോശാല വയ്ക്കുന്നതിന് രേവതി നക്ഷത്രത്തിൽ ആദിത്യൻ നിൽക്കുന്ന കാലവും സിംഹക്കരണവും പുലിക്കരണവും അശുഭമാണ്. മറ്റെല്ലാം ഗൃഹാരംഭ മുഹൂർത്തം പോലെയാണ്. രാത്രിയെ മൂന്നായി ഭാഗിച്ചതിൽ ആദ്യത്തെ രണ്ടു ഭാഗങ്ങളും അപരാഹ്നവും ഗൃഹാരംഭത്തിന് നന്നല്ല. ഗൃഹാരംഭ മുഹൂർത്തം തന്നെയാണ് കവാടസ്ഥാപനം പോലെയുള്ള അവശിഷ്ട കർമ്മങ്ങൾക്കും പരിഗണിക്കേണ്ടത്.

ആദിത്യൻ കാർത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കർക്കടക്കത്തിലും നിൽക്കുന്ന കാലം ഗൃഹാരംഭം ചെയ്യരുത്. ഗൃഹാരംഭാത്തിന് നാലാമിടത്ത് പാപന്മാർ നിൽക്കരുത്. അഷ്ടമത്തിൽ കുജൻ ഒട്ടും നല്ലതല്ല. ലഗ്നത്തിൽ, ആദിത്യനെ വർജിക്കണം. ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാ മുഹൂർത്തത്തിലേതു പോലെ ഇവിടെയും വേദനക്ഷത്രം വർജിക്കണം. മുഹൂർത്തം ദുർലഭമായ സമയത്ത് മറ്റു നിവൃത്തിയില്ലാതെ വന്നാൽ ഇനി പറയുന്നത് സ്വീകരിക്കാവുന്നതാണ്.

മേടം പത്തിന് അഞ്ചാം നാഴികയ്ക്കും, ഇടവം ഇരുപത്തിയൊന്നിന് എട്ടാം നാഴികയ്ക്കും, കർക്കടകം പതിനൊന്നിന് രണ്ടാം നാഴികയ്ക്കും, ചിങ്ങം ആറിന് ഒന്നാം നാഴികയ്ക്കും, തുലാം പതിനൊന്നിന് രണ്ടാം നാഴികയ്ക്കും, വൃശ്ചികം എട്ടിന് പത്താം നാഴികയ്ക്കും, മകരം പന്ത്രണ്ടിന് എട്ടാം നാഴികയ്ക്കും, കുംഭം ഇരുപതിന് എട്ടാം നാഴികയ്ക്കും വാസ്തുപുരുഷൻ ഉണരുന്ന സമയമാണ്. മേൽപ്പറഞ്ഞ നാഴികയ്ക്കു മേൽ മുന്നേ മുക്കാൽ നാഴിക സമയം ഉണർന്നിരിക്കുന്ന വാസ്തുപുരുഷൻ ആദ്യത്തെ മുക്കാൽ നാഴികകൊണ്ട് ദന്തശുദ്ധി, പിന്നീട് മുക്കാൽ നാഴിക സ്നാനം, മുക്കാൽ നാഴിക പൂജ, മുക്കാൽ നാഴിക ഭോജനം, മുക്കാൽ നാഴിക താംബൂലചർവണം എന്നിവ ചെയ്യുന്നു. ഇതിൽ താംബൂലചർവണ സമയം ഗൃഹാരംഭത്തിന് ഉത്തമമാണ്.

(ജ്യോത്സ്യരെ ബന്ധപ്പെടാൻ: 81118 77087,​ 81118 77089)​