chat-gpt

ചാറ്റ്‌ ജിപിടിയുമായി നിങ്ങൾ നടത്തുന്ന ഓരോ സംഭാഷണവും സ്വകാര്യമാണ് ആരും അറിയില്ല എന്നാണോ വിചാരം. എന്നാൽ ഇനി ആ ചിന്ത മാറ്റിവച്ചേക്കൂ. ഉപയോക്താക്കളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും, ആവശ്യമെങ്കിൽ അവ നിയമപാലകർക്ക് കൈമാറുമെന്നും ഓപ്പൺ എ.ഐ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് തങ്ങളോട് നടത്തുന്ന സംഭാഷണങ്ങളിൽ സൂചനയുണ്ടെങ്കിൽ ചാറ്റ്‌ ജിപിടിയുടെ സങ്കേതികവിദ്യ അത് തിരിച്ചറിയും. ആ സംഭാഷണങ്ങൾ പിന്നീട് മനുഷ്യരായ റിവ്യൂവർമാർ പരിശോധിക്കും.ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കമോ, നിയമവിരുദ്ധമായ കാര്യങ്ങളോ ഉണ്ടെങ്കിൽ അവരത് പൊലീസിനെ അറിയിക്കും.

ഈ നീക്കത്തെ ഒരു സുരക്ഷാ നടപടിയായിട്ടാണ് ചാറ്റ്‌ ജിപിടി ന്യായീകരിക്കുന്നതെങ്കിലും വെളിപ്പെടുത്തലുകൾ ഉപയോക്താക്കൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ സുരക്ഷയ്‌ക്കാണ് സ്വകാര്യതയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നാണ് കമ്പനിനിലപാട്. സുതാര്യതയില്ലാത്ത ഇത്തരം നീക്കങ്ങൾ പൊതുജനവിശ്വാസം ഇല്ലാതാക്കുകയും, ഉപയോക്താക്കളെ ബദൽ സേവനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് ടെക് വിദഗ്ദ്ധർ നൽകുന്ന അറിയിപ്പ്.


പ്രധാന പ്രശ്നങ്ങൾ:
* സ്വകാര്യത ഇല്ല: നിങ്ങളുടെ സംഭാഷണങ്ങൾ മനുഷ്യരായ റിവ്യൂവർമാർ കാണാനിടയുണ്ട്.
* ലെക്കേഷൻ കണ്ടെത്തൽ: അടിയന്തര സാഹചര്യങ്ങളിൽ ലെക്കേഷൻ എങ്ങനെ തിരിച്ചറിയുന്നു എന്നതിനെക്കുറിച്ചും ആശങ്കയുണ്ട്.
* ദുരുപയോഗ സാധ്യത: വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ആരെങ്കിലും ഭീഷണി മുഴക്കിയാൽ നിരപരാധിയായ ഒരാൾക്ക് നേരെ പോലീസ് നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.
അതുകൊണ്ട്, ചാറ്റ്‌ ജിപിടിയുമായി സംസാരിക്കുമ്പോൾ സ്വകാര്യവും നിയമവിരുദ്ധവുമായ കാര്യങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക. ഇത് നിയമനടപടികളിലേക്ക് നയിച്ചേക്കാം.