
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 25 ആയി. ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമാണ് സ്ഫോടനങ്ങളുണ്ടായത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നടന്നത് ചാവേർ ആക്രമണങ്ങളാണ് എന്നാണ് റിപ്പോർട്ട്.
ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. നൂറുകണക്കിനുപേരാണ് റാലിക്കായി എത്തിയിരുന്നത്. പാർട്ടി നേതാവായ അഖ്താര്‍ മെങ്ഗാള്‍ പ്രസംഗിച്ച് വേദിവിടുന്നതിടെയായിരുന്നു സ്ഫോടനം. 14 പേരാണ് ഇവിടെ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. അഖ്താര്‍ മെങ്ഗാളിനെ ലക്ഷ്യംവച്ചായിരുന്നോ സ്ഫോടനം എന്ന് സംശയമുണ്ട്. ബലൂചിസ്ഥാന് കൂടുതൽ അവകാശങ്ങളും നിക്ഷേപങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി നടത്തിയത്.
ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ ആറ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ഇവിടെ ബാനു നഗരത്തിൽ പാരമിലിട്ടറി വിഭാഗത്തിന്റെ ആസ്ഥാനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ട്രക്കിൽ സ്ഫോടക വസ്തുക്കൾ നിറച്ചെത്തിയ ഒരാൾ സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ആക്രമണം നടത്താൻ അഞ്ച് ചാവേറുകൾ എത്തിയെങ്കിലും അവരെ സൈന്യം വധിച്ചു. ഇത്തിഹാദുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഇറാൻ അതിർത്തിയോട് ചേർന്ന സ്ഥലത്ത് സൈനിക വാഹനങ്ങളുടെ കോൺവോയിയിലേക്ക് വാഹനം ഇടിച്ചുകയറ്റി നടത്തിയ സ്ഫോടനത്തിൽ അഞ്ച് അർദ്ധസൈനികരാണ് കൊല്ലപ്പെട്ടത്. ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ചാവേർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാനിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ചാവേർ ആക്രമണങ്ങൾ നടക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ.