
ഫോർട്ട് മോർഗൻ: ആകാശത്തിൽ പറക്കുന്നതിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാരൻ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ കൊളൊറാഡോയിലാണ് സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഫോർട്ട് മോർഗൻ മുനിസിപ്പൽ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.
ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. സെസ്‌ന 172, എക്‌സ്‌ട്രാ ഫ്ലുഗ്‌സെഗ്‌ബു എന്നീ ചെറുവിമാനങ്ങളാണ് കൂട്ടിയിടിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ അധികൃതർ വ്യക്തമാക്കി. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് വിമാനങ്ങളും തകർന്ന് വീണ് തീപിടിക്കുകയായിരുന്നു. നാലുപേരാണ് രണ്ട് വിമാനങ്ങളിലുമായി ഉണ്ടായിരുന്നത്. സെസ്‌ന വിമാനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഫ്ലുഗ്‌സെഗ്‌ബു വിമാനത്തിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേൽക്കുകയും രണ്ടാമത്തെയാൾ അപകടസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും ചെയ്‌തു.
അപകടത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌റ്റി ബോർഡും എഫ്‌എഎ അധികൃതരും അന്വേഷണം ആരംഭിച്ചു. ഡെൻവറിൽ നിന്ന് വടക്കുകിഴക്കായി ഏകദേശം 130 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ചെറുനഗരമാണ് ഫോർട്ട് മോർഗൻ. 12000പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്.