dhanya

വിവാഹത്തോടെയാണ് താൻ പ്രൊഫഷണൽ ലൈഫിന് ഒരു ഇടവേളയെടുത്തതെന്ന് നടിയും മുൻ ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസ്. കല്യാണം കഴിഞ്ഞുചെന്ന വീടിനുവേണ്ടിയായിരുന്നു ജീവിതം. അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് കുറേക്കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്. പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നെന്ന് ധന്യ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.


ബിഗ് ബോസിന് ശേഷം ജീവിതം മാറിമറിഞ്ഞതായി തോന്നുന്നില്ലെന്നും ധന്യ വ്യക്തമാക്കി. ഉള്ള ഇമേജ് കളയാതെ തിരിച്ചവരുന്നതിനെക്കുറിച്ച് മാത്രമായിരുന്നു ആലോചിച്ചതെന്നും അവർ വ്യക്തമാക്കി. താൻ ദൈവവിശ്വാസിയാണെന്നും നടി പറയുന്നു.


'സാക്ഷ്യം പറഞ്ഞതിന്റെ പേരിൽ ഞാൻ വിവാദത്തിൽപ്പെട്ടായിരുന്നു. എന്റെയൊരു വിശ്വാസത്തിന്റെ പേരിൽ പറഞ്ഞതായിരുന്നു. കാശ് വാങ്ങിയാണ് സാക്ഷ്യം പറഞ്ഞതെന്നൊക്കെ കുറേപ്പേർ പറഞ്ഞു. അങ്ങനെ വിഷമിച്ചിരിക്കുന്ന സമയത്താണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിലേക്ക് വിളിച്ചത്. ദൈവം എനിക്ക് അറിഞ്ഞ് തന്ന അനുഗ്രഹമായിത്തോന്നി. മാതാവായിട്ടുള്ള ക്യാരക്ടറിനാണ് കാസ്റ്റ് ചെയ്തത്. ദൈവാനുഗ്രഹമായി തോന്നി. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പ്രതിഫലം ദൈവം തരും. ദൈവം എന്നെ വീഴ്ചയിൽ നിന്ന് കൈപിടിച്ചുയർത്താറുണ്ട്.'- നടി പറഞ്ഞു.

ആലപ്പുഴയിലെ കൃപാസനം എന്ന സ്ഥാപനത്തെക്കുറിച്ച് പറയുന്ന ധന്യയുടെ വീഡിയോയാണ് മുമ്പ് വിവാദത്തിൽപ്പെട്ടത്. സഹോദരന്റെ വിവാഹം നടക്കാത്തതിൽ പ്രാർത്ഥിക്കാൻ വേണ്ടിയാണ് താൻ കൃപാസനത്തിൽ എത്തിയത്. പ്രാർത്ഥിച്ചതു സാധിക്കാനായി ഉടമ്പടി സ്വീകരിച്ചെന്നും തുടർന്ന് തുടർച്ചയായ പ്രാർത്ഥനകൾക്കു ശേഷം സഹോദരൻെറ വിവാഹം നടന്നെന്നുമായിരുന്നു ധന്യ പറഞ്ഞത്.