astro

ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹാരംഭമെന്നാൽ ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കുക എന്നാണ് അർത്ഥമാക്കേണ്ടത്. ഗൃഹാരംഭ മുഹൂർത്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഗൃഹാരംഭത്തിന് മൂലവും മകവും ഊൺ നാളുകളും, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ രാശികളും കൊള്ളാം. ചിങ്ങം, മകരം, കുംഭം എന്നീ മൂന്ന് മാസങ്ങൾ കിഴക്കേതും പടിഞ്ഞാറേതും വയ്ക്കുന്നതിന് ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ നാലു മാസങ്ങൾ തെക്കേതും വടക്കേതും വയ്ക്കുന്നതിന് ശുഭമാണ്.

മിഥുനം, കർക്കടകം, കന്നി, ധനു, മീനം മാസങ്ങളിലും ആദിത്യൻ കാർത്തിക നക്ഷത്രത്തിൽ നിൽക്കുമ്പോഴും ഒരു ദിക്കിലും ഗൃഹനിർമ്മിതി പാടില്ല. മുഹൂർത്ത രാശിയുടെ നാലാമിടത്ത് ഒരു ഗ്രഹങ്ങളും പാടില്ല. ഇവിടെ പാപ ഗ്രഹം നിൽക്കുന്നത് അങ്ങേയറ്റം ദോഷകരവുമാണ്. അഷ്ടമത്തിൽ കുജനും ഞായർ, ചൊവ്വ ആഴ്ചകളും വേധ നക്ഷത്രവും ഗൃഹാരംഭത്തിന് വർജ്ജിക്കണം. ഗൃഹാരംഭത്തിന് ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ എട്ട് രാശികൾ ഉത്തമങ്ങളും കർക്കടകം രാശി മദ്ധ്യമവും മേടം, തുലാം, മകരം എന്നീ മൂന്ന് രാശികൾ വർജ്ജ്യങ്ങളുമാണ്.

പൊതുവെ സ്ഥിര രാശികളാണ് ഗൃഹാരംഭത്തിന് ഉത്തമം. ഉഭയ രാശികൾ മദ്ധ്യമമായി സ്വീകരിക്കാം. ചരരാശികൾ അധമങ്ങൾ തന്നെയാണ്. മുഹൂർത്ത രാശിയിൽ ആദിത്യൻ നിൽക്കുന്നത് ദോഷമാണ്. ഊർദ്ധ്വമുഖ രാശികൾ ഉത്തമങ്ങളും, തിര്യന്മുഖ രാശികൾ മദ്ധ്യമങ്ങളും, അധോമുഖ രാശികൾ അധമങ്ങളുമാണെന്നാണ് മറ്റൊരു ആചാര്യാഭിപ്രായം. മിഥുനമാസത്തിൽ നിര്യതികോണിൽ കളപ്പുരയും കന്നി മാസത്തിൽ വായുകോണിൽ ഉരൽപ്പുരയും, ധനുമാസത്തിൽ ഈശാനകോണിൽ പാചകശാലയും, മീനമാസത്തിൽ അഗ്നികോണിൽ ഗോശാലയും വയ്ക്കാം.