explosives

പാലക്കാട്: പാലക്കാട്ടെ സ്‌കൂളിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ കല്ലേക്കാട്ടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. കല്ലേക്കാട് സ്വദേശി സുരേഷിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെടുത്തു. തുടർന്ന് സുരേഷിനെ കസ്റ്റഡിയിലെടുത്തു. സുരേഷിന് പുറമെ നിർമാണത്തൊഴിലാളികളായ ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഇവർ ബിജെപി പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞമാസം പാലക്കാട് മൂത്താൻതറയിലെ സ്‌കൂളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. സ്‌കൂളിലെ പത്തുവയസുകാരനായ വിദ്യാർത്ഥിയാണ് ആദ്യം പൊതി കണ്ടത്. പന്താണെന്ന് കരുതി തട്ടിയപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്കും സമീപത്തുണ്ടായിരുന്ന ഒരു സ്‌ത്രീക്കും പരിക്കേറ്റു. തുടർന്ന് സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.