
സാങ്കേതികവിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത്. ഒരാൾ എങ്ങനെ ജീവിക്കണമെന്ന് എഐ തീരുമാനിക്കുന്ന കാലംവരെ എത്തിനിൽക്കുകയാണ് ഇപ്പോൾ. ഇങ്ങനെ കാലം മുന്നേറുന്ന സമയത്താണ് ഒരുവർഷം മുമ്പ് എക്സിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിലുൾപ്പെടെ വീണ്ടും ചർച്ചയാവുന്നത്. വിരലടയാളം കൊണ്ടുമാത്രം പ്രവർത്തിക്കുന്ന ഒരു ബ്രായെക്കുറിച്ചുള്ളതായിരുന്നു വീഡിയോ. ജപ്പാനിലാണ് ഈ ബ്രാ പുറത്തിറങ്ങിയതെന്നും ഇതിൽ പറഞ്ഞിരുന്നു.
ഉടമസ്ഥന്റെ വിരലടയാളം കൊണ്ടുമാത്രമേ ഉല്പന്നം തുറക്കാനാവൂ എന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. സ്ത്രീ സുരക്ഷയെ മുൻനിറുത്തിയാണ് ഇത്തരത്തിൽ ഒരു ഉല്പന്നം പുറത്തിറക്കിയതെന്നും വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. പീഡനങ്ങളിൽ നിന്ന് ഇത് വലിയൊരളവോളം സ്ത്രീകളെ രക്ഷിക്കുമെന്നും പലരും ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം ബ്രാകൾ എപ്പോൾ വിപണിയിൽ എത്തുമെന്നോ, അതിന് എത്രരൂപയാകുമെന്നോയുള്ള ഒരു വിവരവും പുറത്തുവന്നിരുന്നില്ല. ഇതിനെക്കുറിച്ച് കുറച്ചുപേർ അന്വഷണം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അതോടെ ചർച്ചകൾ തൽക്കാലത്തേക്ക് അവസാനിച്ചു.
അങ്ങനെയിരിക്കെയാണ് അടുത്തിടെ ഫിംഗർ പ്രിന്റ് ബ്രാ വീണ്ടും ചർച്ചയായത്. ഇങ്ങനെയൊന്ന് വിപണിയിലിറങ്ങിയോ എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അതിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതോടെ ഇത്തരമൊരു ഉല്പന്നം ശരിക്കും ഉണ്ടോ എന്നറിയാനായി ശ്രമം. അപ്പോഴാണ് ശരിക്കും കാര്യങ്ങൾ വ്യക്തമായത്. ഇത്തരമൊരു ബ്രാ ഒരു പ്രോട്ടൊടൈപ്പ് മാത്രമാണ്. അതായത് ഇത് ഇപ്പോഴും നിർമാതാവിന്റെ സ്വപ്നത്തിൽ മാത്രം ഇരിക്കുന്ന ഒരാശയമാണ്. ഉല്പന്നം നിലവിൽ വരാനും വരാതിരിക്കാനും സാദ്ധ്യതയുണ്ട്.
സ്ത്രീകൾക്ക് അവരുടെ പങ്കാളിയോട് വിശ്വാസ്യത പുലർത്താനുള്ള ഒരു ഉപകരണം എന്നാണ് ഫിംഗർ പ്രിന്റ് ബ്രായെ വീഡിയോ പോസ്റ്റുചെയ്ത എക്സ് ഉപഭോക്താവ് വിശേഷിപ്പിക്കുന്നത്. ഇതാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. സ്ത്രീകളെ മൊത്തത്തിൽ അവഹേളിക്കുന്നതിന് തുല്യമാണ് ഈ ആശയമെന്നാണ് ഭൂരിപക്ഷവും പറയുന്നത്. ഇതിന്റെ സ്രഷ്ടാവിന്റെ മനഃശാസ്ത്രത്തെക്കുറിച്ച് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വിരലടയാളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉല്പന്നങ്ങൾ ആദ്യം പതിപ്പിക്കുന്ന വിരലടയാളം തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ഫോണും മറ്റും അത്തരത്തിലാണല്ലോ പ്രവർത്തിക്കുന്നത്. ഫിംഗർ പ്രിന്റ് ബ്രായും അങ്ങനെയാണ് പ്രവർത്തിക്കുന്നതെങ്കിൽ അത് പണ്ട് നാട്ടിൽ നിലവിലിരുന്ന ചാരിത്രപ്പൂട്ടിന് സമാനമായിരിക്കും എന്നും ഇതിനെ എതിർക്കുന്നവർ പറയുന്നുണ്ട്. ഭർത്താവിന്റെയോ കാമുകന്റെയോ വിരലടയാളമാണ് ആദ്യം പതിക്കുന്നതെങ്കിൽ അയാൾ അനുവദിച്ചാൽ മാത്രമല്ലേ വസ്ത്രം ഊരിമാറ്റാൻ കഴിയൂ എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരിലുള്ള ഉല്പന്നം ഒരിക്കലും വിപണിയിൽ എത്തിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.