
ചെറുപ്പത്തിലെ തന്നെ ജോലി ചെയ്യാൻ മാതാപിതാക്കൾ നൽകിയ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വെളിപ്പെടുത്തുകയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരിയും സംരംഭകയുമായ ലൂസി ഗുവോ. 30 കാരിയായ ഗുവോ, ഫോർബ്‌സിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1.3 ബില്യൺ ഡോളറാണ് ഗുവോയുടെ ആസ്തി. ഗുവോയുടെ ആദ്യ കമ്പനിയായ സ്കെയിൽ എഐ, ടെക് ഭീമനായ മെറ്റ 25 ബില്യൺ ഡോളറിനാണ് ഏറ്റെടുത്തത്.
ഇന്ന്, കണ്ടന്റ് ക്രിയേറ്റർ മോണിറ്റൈസേഷൻ പ്ലാറ്റ്‌ഫോമായ പാസ്സസിന്റെ സ്ഥാപകയാണ് ലൂസി ഗുവോ. 2022ലാണ് കമ്പനി ആരംഭിച്ചത്. പ്രാരംഭ ഘട്ട ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനായി 2019ൽ 'ബാക്കെൻഡ് വെഞ്ചേഴ്‌സ്' എന്ന വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനവും ഗുവോ സ്ഥാപിച്ചിരുന്നു.
ചൈനീസ് കുടിയേറ്റക്കാരാണ് ഗുവോയുടെ മാതാപിതാക്കൾ. കാലിഫോർണിയയിലെ ഫ്രീമോണ്ടിലാണ് അവർ വളർന്നത്. വിദ്യാഭ്യാസത്തിന്റെയും പണത്തിന്റെയും പ്രാധാന്യം കുഞ്ഞ് ഗുവോയെ മാതാപിതാക്കൾ പഠിപ്പിച്ചു. മാതാപിതാക്കൾ തന്നെ അബാക്കസ് മത്സരങ്ങളിലേക്ക് തള്ളിവിടുമായിരുന്നുവെന്നും നല്ല പഠനം ലഭിക്കാൻ നിർബന്ധിച്ചിരുന്നുവെന്നും അവർ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെലോൺ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ്, മനുഷ്യ-കമ്പ്യൂട്ടർ ഇടപെടൽ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടായതെന്ന് ഗുവോ പറയുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദം പൂർത്തിയാക്കാൻ ഒരു വർഷം മാത്രം ശേഷിക്കെ, ഗുവോ പഠനം ഉപേക്ഷിച്ചു. ഈ തീരുമാനം ഗുവോയുടെ മാതാപിതാക്കളിൽ വലിയ നിരാശയായുണ്ടാക്കിയിരുന്നു. ബിരുദം പൂർത്തിയാക്കുന്നതിനുപകരം, യുവാക്കൾക്ക് നൂതന കമ്പനികൾ സ്ഥാപിക്കുന്നതിനായി നൽകുന്ന 200,000 ഡോളറിന്റെ തീൽ ഫെലോഷിപ്പ് പ്രോഗ്രാം ഗുവോ തിരഞ്ഞെടുക്കുകയായിരുന്നു.
കുട്ടിക്കാലം മുതൽതന്നെ പണമുണ്ടാക്കാൻ താൻ വിദഗ്ദ്ധയായിരുന്നുവെന്ന് ഗുവോ പറഞ്ഞു. പോക്കിമോൻ കാർഡുകളും കളർ പെൻസിലുകളും മറ്റും വിറ്റ് പണം സമ്പാദിക്കുമായിരുന്നു. എന്നാൽ മാതാപിതാക്കൾ വളരെ കർക്കശക്കാരായതിനാൽ താൻ കുസൃതി കാണിക്കുമ്പോൾ അവർ പണം എടുത്തുകൊണ്ടുപോകും. അതിനാൽ തന്നെ രണ്ടാം ക്ളാസിൽ സ്വന്തമായി ഒരു പേപാൽ അക്കൗണ്ട് തുടങ്ങി പൈസ സ്വരൂക്കൂട്ടാൻ ആരംഭിച്ചു.
വർഷങ്ങൾ കടന്നുപോകുന്തോറും, പണം സമ്പാദിക്കാനുള്ള ശ്രമങ്ങളും വളർന്നു. നിയോപെറ്റ്സ് എന്ന ഗെയിമിന്റെ ആരാധികയായ താൻ ഫോറങ്ങളിൽ വെർച്വൽ ജീവികളെയും ഇൻ-ഗെയിം കറൻസിയും വിൽക്കുമായിരുന്നുവെന്നും ഗുവോ വെളിപ്പെടുത്തി. അപൂർവ വളർത്തുമൃഗങ്ങളെയും അപൂർവ വസ്തുക്കളെയും ലഭിക്കുമ്പോൾ യഥാർത്ഥ പണത്തിന് അവ വീണ്ടും വിൽക്കും.
എഞ്ചിനീയറിംഗും കോഡിംഗും പഠിച്ചതിനുശേഷം, ഗെയിമുകളിൽ ചീറ്റ് ചെയ്യാനുള്ള ബോട്ടുകൾ നിർമ്മിക്കാനും വിൽക്കാനും തുടങ്ങി. തുടർന്ന് ഗൂഗിൾ ആഡ്സെൻസ് ഉപയോഗിച്ച് വെബ്‌സൈറ്റുകൾ നിർമ്മിച്ച് ഇന്റർനെറ്റിൽ പണം സമ്പാദിക്കാനുള്ള മറ്റ് വഴികൾ കണ്ടെത്താൻ തുടങ്ങി. പിന്നാലെ ഇന്റർനെറ്റ് മാർക്കറ്റിംഗ് ഉപകരണങ്ങളും സൃഷ്ടിച്ചു. അവിടെനിന്നും ഗുവോയുടെ വിജയം ആരംഭിക്കുകയായിരുന്നു.